Saturday 14 November 2020

ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ (ഭാഗം -2) പാര്‍ത്ഥസാരഥിയുടെ വിജയം


  ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഹസ്തിനപുരിയിലെ ശാന്തി ദൗത്യം പരാജയമടഞ്ഞു.  അഹന്ത, അത്യാചാരം, കുടിലത,സഹോദരവൈരം, ദ്രോഹം, കാപട്യം, യുദ്ധക്കൊതി എന്നിവയുടെ രൂപത്തില്‍ ദുര്യോധനനും, അനുചരന്‍മാരും വിതച്ച വ്യാളീദന്തങ്ങളുടെ ഭീകരമായ വിളവെടുപ്പിന്റെ സമയം വന്നു ചേര്‍ന്നു, കുരുക്ഷേത്രയുദ്ധം ആരംഭിച്ചു. ഭീഷ്മരുടെ സംരക്ഷണയിലുള്ള കൗരവപക്ഷം സംഖ്യാബലം കൊണ്ട് അപാരമായിരുന്നുവെങ്കിലും, യുദ്ധക്കളത്തിലേയ്ക്കിറങ്ങിയതിന്റെ ചാലകശക്തി അപര്യാപ്തമായിരുന്നുവെന്നും (ദുര്യോധനന്റെ യുദ്ധക്കൊതിയും, സഹോദരവൈരവും), എന്നാല്‍ ഭീമന്റെ സംരക്ഷണയിലുള്ള പാണ്ഡവ പക്ഷം സംഖ്യാബലത്തില്‍ ചെറുതാണെങ്കിലും, തങ്ങള്‍ നേരിട്ട വഞ്ചനയ്ക്കും, അത്യാചാരത്തിനും, അപമാനത്തിനും, നീതിനിഷേധത്തിനും മറുപടി നല്‍കുവാന്‍ തയ്യാറായി യുദ്ധക്കളത്തിലെത്തിയവരെന്ന നിലയില്‍, ശക്തമായ പോരാട്ടം നടത്തുവാന്‍ പര്യാപ്താമാണെന്നും, യുദ്ധാരംഭത്തില്‍, സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് വിശകലനാത്മകമായ ഒരു വിവരം നല്‍കുന്നുണ്ട്. പക്ഷേ, ശ്രീമദ് ഭഗവത്ഗീതാ വന്ദന ശ്ലോകത്തില്‍ കൗരവ സേനയെ, "ഭീഷ്മരും, ദ്രോണരുമാകുന്ന കരകള്‍, ജയദ്രഥനാകുന്ന ജലം, ഗാന്ധാരനെന്ന (ശകുനി) കരിമ്പാറക്കൂട്ടം, ശല്യര്‍ എന്ന മുതല, കൃപരാകുന്ന ഒഴുക്ക്, കര്‍ണ്ണനാകുന്ന അലമാലകള്‍, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നീ വന്‍സ്രാവുകള്‍, ദുര്യോധനനാകുന്ന ചുഴി" ഇവയെല്ലാം നിറഞ്ഞ അപകട കാരിയായ ഒരു നദിയോടാണ് ഉപമിച്ചിരിക്കുന്നത്.

     ഈ ഉപമയില്‍ വിവരിച്ചിരിക്കുന്നതുപോല, അപകടകാരികളും, പലതരത്തില്‍ വൈശിഷ്ട്യമാര്‍ന്നവരുമാണ്  കൗരവ സേനയില്‍ നായകരായി അണിനിരന്ന മഹാരഥന്‍മാര്‍.  

  പരശുരാമശിഷ്യനായ  ഭീഷ്മപിതാമഹര്‍, ആയോധനകലയില്‍, സ്വന്തം ഗുരുവിനെ അടിയറവ് പറയിച്ച അതിവിശിഷ്ടനായ പോരാളിയാണ്, സ്വന്തം മൃത്യുവില്‍ നിയന്ത്രണമുള്ളവനെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്; ചിട്ടയോടെ യോഗയുക്തമായ ജീവിതം നയിക്കുന്ന, ബ്രഹ്മചാരിയായ ഭീഷ്മരെ ആരോഗ്യപ്രശ്നങ്ങള്‍ ഒരിക്കല്‍പ്പോലും തീണ്ടാത്തതിനാലും, ഒരു പോറല്‍പോലുമേല്‍ക്കാതെ ഏത്രമേല്‍ ഭയാനകമായ യുദ്ധവും സ്വന്തം ഇഛാനുസരണം ഗതിനിയന്ത്രണം ചെയ്യുവാന്‍തക്ക ചാതുര്യമുള്ളതിനാലുമാകാം ഇത്തരത്തിലുള്ളൊരു വിശേഷണം അദ്ദേഹത്തിന് ലഭിച്ചത്, അല്ലാതെ അതില്‍ അഭൗമമായി എന്തെങ്കിലുമുള്ളതായി കരുതേണ്ടതില്ല.  ഹസ്തിനപുരിയുടെ വിധിനിര്‍ണ്ണയം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞ ഒരു സായാഹ്നത്തില്‍, തുറന്നിട്ട ജാലകത്തിലൂടെ നിരാശനായി പുറത്തേക്ക് നോക്കി നിന്നിരുന്ന പിതാമഹരോട്, "ശരത്ക്കാല സായാഹ്നങ്ങളില്‍ തുറന്നിട്ട ജാലകത്തിനരികെ നില്‍ക്കുന്നത് നല്ലതല്ലെ"ന്ന് ഹസ്തിനപുരത്തിന്റെ മന്ത്രിയും, നീതിനിപുണനുമായ വിദുരര്‍ പറയുന്നുണ്ട്.

   ദ്രോണാചാര്യര്‍ പ്രഥമഗണനീയരായ പരശുരാമശിഷ്യരില്‍ പ്രമുഖനാണ്.  കര്‍ണ്ണനെയും, അര്‍ജ്ജുനനെയും, ഭീമനെയും, ദുര്യോധനനെയും ആയോധന കല പഠിപ്പിച്ച ഗുരുവാണ്.  അന്ന് ജീവിച്ചിരുന്നവരില്‍ വച്ച് ഏറ്റുവും മികച്ച അദ്ധ്യാപനും, പരിശീലകനുമായിരുന്നുവെങ്കിലും ധര്‍മ്മാവബോധത്തില്‍ അദ്ദേഹം രണ്ടാംതരക്കാരനായിരുന്നു. സ്വന്തം പുത്രനോടും, മിടുക്കരായ ശിഷ്യരോടും പ്രിയം കാണിച്ചിരുന്ന അദ്ദേഹം ശിഷ്യരെ വേര്‍തിരിച്ച് പക്ഷഭേദം കാണിച്ച ആചാര്യനായിരുന്നു. തന്നെ ഗുരുവായി സങ്കല്പിച്ച് സ്വയം ധനുര്‍വിദ്യ അഭ്യസിച്ച് അസാമാന്യനായിത്തീര്‍ന്ന ഏകലവ്യനോട്, ഗുരുദക്ഷിണയായി വലതുകയ്യുടെ പെരുവിരല്‍ അരിഞ്ഞു വാങ്ങിയ അധമനായ ഗുരുവായിരുന്നു ദ്രോണാചാര്യര്‍. ഒരു യുദ്ധത്തില്‍ താന്‍ അണിചേരുന്ന പക്ഷത്തിന്റെ വിജയമുറപ്പിയ്ക്കുന്നതിനായി സുപ്രധാന ആയോധന മുറകള്‍ തന്റെ ശിഷ്യരില്‍നിന്നും അദ്ദേഹം രഹസ്യമാക്കി വച്ചിരുന്നുവെന്ന് അനുമാനിക്കാവുന്നതാണ്.  ജീവിതത്തിന്റെ നല്ലകാലം ദാരിദ്ര്യത്തില്‍കഴിഞ്ഞ ആചാര്യര്‍ പലപ്പൊഴും സമൂഹത്തിന്റെ പരിഹാസത്തിന് പാത്രമായിമായിട്ടുണ്ടായിരുന്നു. 

  അഭ്യാസപ്രിയനായ കര്‍ണ്ണന്‍ ദ്രോണാചാര്യരില്‍നിന്ന് ആയുധാഭ്യാസങ്ങള്‍ പഠിച്ചിരുന്നുവെങ്കിലും, പിന്നീട് പരശുരാമ ശിഷ്യനായി ധനുര്‍വിദ്യയുടെ എല്ലാ വശങ്ങളും പഠിച്ചു, അതില്‍ പ്രത്യേക വൈദഗ്ദ്യം നേടി. ദ്രോണാചാര്യര്‍ക്കറിയാവുന്ന എല്ലാ യുദ്ധമുറകളും മഹാനായ പരശുരാമനില്‍നിന്നഭ്യസിച്ച കര്‍ണ്ണന്‍ ദ്രോണാചാര്യരുടെ സമശീര്‍ഷനാണെന്ന് പറയാം.  പ്രഥമ കുന്തീപുത്രനായ കര്‍ണ്ണന്‍, ഭീഷ്മപിതാമഹരെപ്പോലെയും, ദ്രോണാചാര്യരെപ്പോലെയും, ദുര്യോധനനെ സഹായിക്കുവാന്‍ കടപ്പെട്ടവനായിരുന്നു.  താന്‍ ബ്രാഹ്മണനാണെന്ന് കള്ളംപറഞ്ഞ് പരശുരാമനില്‍നിന്ന്  വദ്യ അഭ്യസിച്ച കര്‍ണ്ണന്‍, യഥാര്‍ത്ഥത്തില്‍ ഒരു ക്ഷത്രിയനായിരുന്നുവെന്ന്  അറിഞ്ഞ മാത്രയില്‍, തന്റെ ശിഷ്യന്റെ കണ്ണുകളില്‍ നോക്കി ക്രോധവ്യഥകളോടെ "പഠിച്ചവിദ്യകളൊന്നും നിനക്ക് ഉപകരിക്കാതെ പോകട്ടെ"യെന്ന് പരശുരാമന്‍ പറഞ്ഞിരുന്നു.  പക്ഷെ കര്‍ണ്ണന്റെ നൈപുണ്യം ഈ ശാപവചനങ്ങള്‍ക്കും മുകളിലായിരുന്നു.  എന്നാല്‍, "മൂന്നും രണ്ടും അഞ്ച്, അഞ്ചില്‍നിന്ന് മൂന്ന് പോയാല്‍ രണ്ട്" എന്നപോലെ  കണക്ക്കൂട്ടി, പരശുരാമന്‍ പറഞ്ഞ ഒരു കാര്യം, ഒരുമാറ്റവും കൂടാതെ, കര്‍ണ്ണന്റെ വിധിനിര്‍ണ്ണയ പോരാട്ടത്തില്‍ സംഭവിച്ചു, - "നിര്‍ണ്ണായക യുദ്ധത്തില്‍ നിന്റെ രഥചക്രങ്ങള്‍ ചെളിയില്‍ താഴും" എന്നായിരുന്നു ആ പ്രവചനം; കര്‍ണ്ണനും, അര്‍ജ്ജുനനും തമ്മിലുള്ള അവസാന യുദ്ധത്തില്‍ രണ്ടുപേരുടെയും രഥചക്രങ്ങള്‍ ചെളിയില്‍ താഴ്ന്നു!  കവച കുണ്ഡലങ്ങളണിഞ്ഞ് പോര്‍ക്കളത്തിലിറങ്ങുന്ന ഉജ്ജ്വലനായ കര്‍ണ്ണന്‍ അജയ്യനാണ്. 

  ദുര്യോധനന്റെ ജീവിതം എന്നാല്‍ സ്വന്തം സഹോദരരോട് ചെയ്യേണ്ട യുദ്ധത്തിനുള്ള തയ്യാറെടുപ്പായിരുന്നു. ഗദായുദ്ധത്തില്‍ ശ്രീകൃഷ്ണ ഭ്രാതാവായ ബലഭദ്രരുടെ കീഴില്‍ വിദഗ്ദമായ പരിശീലനം നേടി.  പതിവായി, ദീര്‍ഘനേരം ആയുധപരിശീലനങ്ങളിലേര്‍പ്പെട്ട ദുര്യോധനന്‍ തന്റെ പ്രഹരശേഷിയും, പ്രഹരമേല്‍ക്കുവാനുള്ള ക്ഷമതയും ഒരുപോലെ, അത്ഭുതകരമാംവണ്ണം വര്‍ദ്ധിപ്പിച്ചെടുത്തു.  കണ്ണുകെട്ടി ഭര്‍ത്താവിനോടൊപ്പം അന്ധത വരിച് ജീവിച്ച അമ്മ ഗാന്ധാരി, കണ്ണിന്റെ കെട്ടഴിച്ച്, തന്റെ മൂത്തമകനായ ദുര്യോധനന്റെ, ഏതാണ്ട്, നഗ്നമായ ശരീരത്തില്‍ ആകമാനം നോക്കിയ സംഭവം തന്റെ ശരീരം കാരിരുമ്പിനേക്കാള്‍ കാഠിന്യമുള്ളതായിത്തീര്‍ന്നുവെന്ന ആത്മവിശ്വാസം അയാളില്‍ വളര്‍ത്തി.  സഹോദരരായ പാണ്ഡവരോടുള്ള വൈരവും, അവരെ തകര്‍ത്ത്, യുദ്ധത്തില്‍ പരാജയപ്പെടുത്തി ഇല്ലായ്മ ചെയ്യണമെന്നുള്ള  കുടിലചിന്തകളുമായുരുന്നു ആ ജീവിതത്തിന്റെ ചാലക ശക്തി. 

  കുലഗുരു കൃപാചാര്യാരും, ആചാര്യപുത്രന്‍ അശ്വത്ഥാമാവും കൗരവര്‍ക്ക് വേണ്ടി യുദ്ധക്കളത്തിലിറങ്ങിയ മറ്റ് രണ്ടതികായന്‍മാരാണ്.  ഇവരും അതിവിശിഷ്ടരായ പോരാളികളായിരുന്നു.  നമുക്കൊക്കെ അറിയാവുന്ന ചില അദ്ധ്യാപകരെപ്പോലെ ഒരു യുദ്ധത്തില്‍ മുറിവേല്‍ക്കാതെ അതിസാഹസികമായി പോരാടുവാനുള്ള എല്ലാ മുറകളും, തന്ത്രങ്ങളും  ദ്രോണാചാര്യര്‍ തന്റെ മകനായ അശ്വത്ഥാമാവിനെ പ്രത്യേകം ശ്രദ്ധയെടുത്ത് തന്നെ പഠിപ്പിച്ചിരുന്നു.  അചിന്ത്യമായ നാശം വിതച്ച കുരുക്ഷേത്ര യുദ്ധാനന്തരം കൗരവപക്ഷത്ത് മരിക്കാതെ ശേഷിച്ച മൂന്ന് പേരില്‍ ഒരാള്‍  അശ്വത്ഥാമാവായിരുന്നു. കൃപാചാര്യരും, കൃതവര്‍മ്മാവുമാണ് മറ്റ് രണ്ടു് പേര്‍.

  പാണ്ഡവര്‍ പ്രധാനമായും, ദ്രോണാചാര്യര്‍ പഠിപ്പിച്ച വിദ്യകളുടെ ബലം കൊണ്ടുതന്നയായിരുന്നു പോരാടിയത്, അതില്‍ ഭീമന്‍ മാത്രമാണ് ശ്രീകൃഷ്ണ ഭ്രാതാവായ ബലഭദ്രരില്‍നിന്ന് ഗദായുദ്ധത്തില്‍ പ്രാവീണ്യം നേടിയത്. ബലവാനും, അതിസാഹസികനും, സൂക്ഷ്മദൃക്കുമായ ഭീമന്‍, ബകന്‍, ജരാസന്ധന്‍, ജടന്‍, കീചകന്‍ തുടങ്ങിയ അസാമാന്യരെ വധിച്ച അതിവിശിഷ്ടനായ ഗദാധാരിയായിരുന്നു.   ദ്രോണാചാര്യരില്‍നിന്ന് പഠിച്ച വിദ്യകളുടെ ശക്തിയും, സാധ്യതകളും അവയുടെ സഹസ്രമടങ്ങായി പ്രയോഗതലത്തില്‍ കൊണ്ടുവരുവാനും, ആയോധന പാഠങ്ങളെ സംശ്ലേഷണം ചെയ്ത് അവയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കി പ്രയോഗിക്കുവാനും, അര്‍ജ്ജുനന്റെ സ്തിരോത്സാഹത്തിനും, ഏകാഗ്രതയ്ക്കും, തപസ്യയക്കും, ബുദ്ധയ്ക്കും കഴിഞ്ഞിരുന്നു.  ഭീഷ്മപിതാമഹരെപ്പോലെ, അര്‍ജ്ജുനന്‍, തന്റെ ഗുരുവിന് ഒരുപടി മുകളിലായിരുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. യുധിഷ്ഠിരന്‍  ഏത് മഹാരഥനോടും നേര്‍ക്കുനേര്‍നിന്ന് പോരാടുവാന്‍ ശേഷിയുള്ള ശ്രേഷ്ടനായൊരു ശക്തിധരനായിരുന്നു (Spear fighter).  കുരുക്ഷേത്രയുദ്ധം നിര്‍ണ്ണയിക്കപ്പെട്ടത്, കൗരവസേനയിലെ, ദുര്യോധനന്റെ ആയുഷ്ക്കാലത്തെ, അവസാന സേനാധിപനായ ശല്യര്‍ യുധിഷ്ഠിരന്റെ ശക്തിപ്രയോഗത്തിലൂടെ വീരഗതിയടഞ്ഞപ്പോഴാണ്.   നകുലനും, സഹദേവനും ഖഡ്ഗ യുദ്ധത്തില്‍ (Sword fight) അസാമാന്യ വൈദഗ്ദ്യം നേടിയവരായിരുന്നു. ഇതിനെല്ലാമുപരിയായി ശ്രീകൃഷ്ണന്റെ സാരഥ്യവും പാണ്ഡവ പക്ഷത്തെ അദ്വിതീയമാക്കി.

  ശാന്തിദൂതിന് പോയ ശ്രീകൃഷ്ണന്‍, ദുര്യോധനനെ, അയാള്‍, ദ്രോണാചാര്യരില്‍നിന്നും, ബലഭദ്രരില്‍നിന്നും പഠിച്ചിട്ടില്ലാത്ത, കയ്പേറിയ പാഠങ്ങള്‍ പഠിപ്പിക്കുവാന്‍ നിശ്ചയിച്ചുകൊണ്ടാണ്, ശൂന്യഹസ്തനായി, വിരാട രാജധാനിയിലേക്ക് മടങ്ങിയത്.  മൃത്യുവേളയിലും ധാരാളം പാഠങ്ങള്‍ മനുഷ്യന് പഠിക്കുവാനുണ്ടല്ലോ, താന്‍ ആരായിരുന്നുവെന്ന പാഠമാണ് ഒരു അഹങ്കാരിയ്ക്ക് ലഭിക്കുന്ന അവസാനത്തെ പാഠം.  എന്നാല്‍ ചില ഭാഗ്യദോഷികളായ മനുഷ്യര്‍ അന്തിമനിമിഷത്തിലും, സ്വന്തം നേര്‍ക്ക് വരുന്ന ചോദ്യങ്ങളെ ഒളിച്ചോടിക്കൊണ്ട് അവഗണിക്കും (Escapism);  താന്‍ വരുത്തിവച്ച അനര്‍ത്ഥങ്ങള്‍ക്ക് മറ്റുള്ളവരെ പഴിപറയും.  പക്ഷേ ഒളിച്ചോട്ടക്കാര്‍ക്ക് ഒരിക്കലും തങ്ങളുടെ മനസാക്ഷിയുടെ മുന്നില്‍നിന്ന് ഒളിച്ചോടുവാന്‍ കഴിയില്ല, മനസാക്ഷിയുടെ മുറിയല്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചമ്മട്ടിപ്രഹരങ്ങളേറ്റ് അവര്‍ എല്ലാ പഠങ്ങളും പഠിക്കും.  എന്നാല്‍ മൃതി സമീപസ്തമാകുമ്പോള്‍ ചിലര്‍ക്ക് വീണ്ടുവിചാരം വരികയും, തങ്ങളുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങളിലെ ധര്‍മ്മാധര്‍മ്മങ്ങള്‍ വ്യവഛേദം നടത്തിനോക്കുകയും ചെയ്യും.  പക്ഷേ ആ സമയം ആഗതമാകുമ്പൊഴെക്ക് കാലം അതിന്റെ വിധാനം നടത്തിക്കഴിഞ്ഞിരിക്കും.  കുരുക്ഷേത്രയുദ്ധം സുനിശ്ചിതമായി കഴിഞ്ഞപ്പോള്‍, ഭീഷ്മപിതാമഹരും, കര്‍ണ്ണനും തമ്മില്‍ നടന്ന ഒരു കൂടിക്കാഴ്ച്ചാ വേളയില്‍ ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചും, ധര്‍മ്മവിജയത്തെക്കുറിച്ചും വാചാലനായ പിതാമഹരോട്, "ദുര്യോധനനെ ഉപേക്ഷിക്കുവാന്‍ അങ്ങേക്ക് കഴിയുമോ?" എന്നൊരു ചോദ്യം കര്‍ണ്ണന്‍ ചോദിക്കുന്നുണ്ട്, അതിന് "ഇല്ല" എന്നുത്തരം നല്‍കിയ കുരുശ്രേഷ്ടനോട് "വലിയൊരു പ്രശ്നത്തിന് എനിക്കും ഉത്തരം ലഭിച്ചു" എന്ന് കര്‍ണ്ണന്‍ പറയുന്നുണ്ട്.

  യുദ്ധം ആരംഭിച്ചു, ഇരുസേനകള്‍ക്കും മധ്യത്തിലായി സ്ഥാപിച്ച (നിര്‍ത്തിയ) രഥത്തിലിരുന്നു് പിതാമഹരെയും, ഗുരുക്കന്‍മാരെയും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും, ദ്രോഹികളായിരുന്നുവെങ്കിലും, സഹോദരരെയും കണ്ട അര്‍ജ്ജുനന്‍, വഷാദമഗ്നനായി വിലപിച്ചുകൊണ്ട് തളര്‍ന്നിരുന്നു, ഒരു വിരക്തനെപ്പോലെ ഭാഷണം തുടങ്ങി.  യുദ്ധം ആരംഭിച്ചുകഴഞ്ഞുവെന്നും, ഇനി ഇത്തരം വാക്കുകള്‍ക്ക് പ്രസക്തിയില്ലെന്നും വ്യക്തമാക്കിയ ശ്രീകൃഷ്ണന് അര്‍ജ്ജുനനെ ഗാണ്ഡീവമെടുപ്പിക്കുവാന്‍ നന്നേ പാടുപെടേണ്ടിവന്നു, ഒടുവില്‍ ആ വ്യക്തി പ്രഭാവത്തിന് കീഴടങ്ങിയാണ് അര്‍ജ്ജുനന്‍ കര്‍മ്മോന്മുഖനായത്.

  നിര്‍ദ്ദയമായ നരഹത്യകള്‍ അരങ്ങേറിക്കൊണ്ട് കുരുക്ഷേത്ര മഹാസംഗ്രാമം പതിനെട്ട് നാളുകള്‍ നീണ്ടുനിന്നു. യുദ്ധക്കളത്തില്‍ ഹത്യയല്ലാതെ മറ്റെന്താണ് അരങ്ങേറുക?  'നിര്‍ദ്ദയം' എന്ന വിശേഷണം ആവശ്യമില്ല,- ദയയും യുദ്ധക്കളത്തില്‍ നടക്കുന്ന ഹത്യയും ഒരുമിച്ചുപോകില്ലല്ലോ?  ഒരു ആയോധനകലാ മത്സരത്തില്‍ ഒരാള്‍ക്ക് തന്നേക്കാള്‍ മികച്ച മത്സാരാര്‍ത്ഥിയോട് പരാജയപ്പെടാം, കലാമത്സരത്തിന്റെ വ്യാകരണം അത് അനുവദിക്കുന്നുണ്ട്,  എന്നാല്‍ ആയുധമേന്തി കൊലനടത്തി ഒരു തര്‍ക്കത്തിന്റെ നിര്‍ണ്ണയം നടക്കുന്ന യുദ്ധത്തില്‍ ഒരു പക്ഷത്തിന് അതിനേക്കാള്‍ മികച്ച മറുപക്ഷത്തിനോട് തോല്‍ക്കുവാന്‍ പറ്റുമോ?  എങ്കിലും കുരുക്ഷേത്രയുദ്ധത്തില്‍ വ്യക്തമായ ധര്‍മ്മയുദ്ധ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടായിരുന്നു.  സൂര്യാസ്തമനത്തിന് ശേഷം യുദ്ധം ചെയ്യാതിരിക്കുക, മഹാരഥന്‍മാര്‍ മഹാരഥന്‍മാരോട് യുദ്ധം ചെയ്യുക, അശ്വാരൂഢര്‍ അശ്വാരൂഢരോട് യുദ്ധം ചെയ്യുക, ദിവ്യാസ്ത്രങ്ങള്‍ കൊണ്ടുള്ള യുദ്ധം, അവ കൈവശമുള്ളവര്‍ തമ്മില്‍ മാത്രം ചെയ്യുക, രണ്ടുപേര്‍ മുഖാമുഖം പോരാടുമ്പോള്‍ പെട്ടന്ന് നിരായുധരായിപ്പോകുന്നവര്‍ക്ക് ആയുധമെടുക്കാന്‍ സമയമനുവദിക്കുക, ബോധക്ഷയം സംഭവിച്ച യോദ്ധാവിനെ കൊല്ലാതിരിക്കുക, കീഴടങ്ങിവരുന്ന യോദ്ധാവിനെ വധിക്കാതിരിക്കുക എന്നിങ്ങനെ നീളുന്നതായിരുന്നു ധര്‍മ്മയുദ്ധ നിയമാവലി.

   ആദ്യ ദിനങ്ങളില്‍ ധാര്‍മ്മികമായി നീങ്ങിയ യുദ്ധം, പതിമൂന്നാം ദിവസം നടന്ന അഭിമന്യുവധത്തോടെ പുതിയ രൂപം പ്രാപിക്കുകയായിരുന്നു.  ധര്‍മ്മയുദ്ധം പ്രതികാരത്തിനും, ശത്രുഹത്യകള്‍ക്കും വഴിമാറി. യുദ്ധക്കൊതിയരെ യുദ്ധത്തിന്റെ രസമെന്തെന്ന് പഠിപ്പിക്കുവാനും, വഞ്ചകര്‍ക്കും അധാര്‍മ്മികര്‍ക്കും, അതിക്രമികള്‍ക്കും അത്തരം ചെയ്തികള്‍ക്ക് തങ്ങള്‍ പാത്രമാകുമ്പോഴുണ്ടുവുന്ന വേദനയെന്തെന്നറിയിക്കുവാനും കാലം സ്വീകരിച്ച വഴിയാകാം അഭിമന്യുവധം.  

     പത്താം ദിവസത്തെ ഭീഷ്മാചാര്യവധം, പതിനഞ്ചാം ദിവസത്തെ ദ്രോണാചാര്യവധം, പതിനേഴാം ദിവസത്തെ കര്‍ണ്ണവധം, പതിനെട്ടാം ദിവസത്തെ ദുര്യോധനവധം എന്നിവയാണ് കുരുക്ഷേത്ര യുദ്ധത്തിന്റെ ഗതി നിര്‍ണ്ണയിച്ചത്.  

  ഭീഷ്മാചാര്യരുടെ വധത്തില്‍ ധര്‍മ്മയുദ്ധനിയമങ്ങളുടെ ലംഘനം നടന്നിട്ടില്ല, പത്താം നാളില്‍ ഭീഷ്മാചാര്യരെ എതിര്‍ക്കുന്നതിനായി മഹാരഥനായ ശിഖണ്ഡിയായിരുന്നു പോര്‍ക്കളത്തിലിറങ്ങിയത്.  യുദ്ധതന്ത്രങ്ങളെല്ലാം അറിയാവുന്ന, എണ്ണപ്പെട്ട ഒരു മഹാരഥന്‍തന്നെയായിരുന്നു ശിഖണ്ഡി,- മഹാഭാരതത്തില്‍ ശിഖണ്ഡിയെക്കുറിച്ച് വശദീകരിക്കുന്നുണ്ട്, പില്‍ക്കാലത്ത് ലിംഗമാറ്റം നടത്തി പുരുഷനായിമാറിയ ശിഖണ്ഡി, ദ്രുപദപുത്രിയായ ശിഖണ്ഡിനിയായിരുന്നു.  ദ്രൗപദി, ധൃഷ്ടദ്യുമ്നന്‍ എന്നീ ഇരട്ട സഹോദരങ്ങളുടെ ജ്യേഷ്ട സഹോദരിയെപ്പറ്റി ഇവിടെ പരാമര്‍ശിക്കുന്നില്ല.  ശിഖണ്ഡിക്ക് ഭീഷ്മപിതാമഹരോട് സഹജമായൊരു വൈരാഗ്യമുണ്ടായിരുന്നു, അതിന്റെ വിവരങ്ങളും ഇവിടെ ഔചിത്യമര്‍ഹിക്കുന്നില്ല.  പിതാമഹരെ കൊല്ലുവാന്‍ അവസരം പ്രതീക്ഷിച്ചിരുന്ന ശിഖണ്ഡി, അര്‍ജ്ജുനന്റെ പിന്തുണയോടെ പിതാമഹരെ നേരിട്ടു.  സ്ത്രീകളോട് യുദ്ധംചെയ്യാത്ത ബ്രഹ്മചാരിയായ പിതാമഹര്‍ക്ക് ലിംഗമാറ്റം നടത്തി പുരുഷനായിമാറിയ ശിഖണ്ഡിയുടെ യുദ്ധക്കളത്തിലെ സാന്നിദ്ധ്യം അലോസരമുണ്ടാക്കി; അദ്ദേഹത്തിന്റെ ഔത്യസുക്യം നഷ്ടമായി (Unnerved).  ഈ അവസരം മുതലെടുത്ത് അര്‍ജ്ജുനനും, ശിഖണ്ഡിയും സമയൈക്യക്ലിപ്തത പാലിച്ചുകൊണ്ട് ശക്തമായ ആക്രമണം നടത്തി (Synchronised attack) പിതാമഹര്‍ ശരശയ്യാവലംബിയായി.  ഇതാണ് ഭീഷ്മശരശയ്യ.  ശിഖണ്ഡിയോടുള്ള, പിതാമഹരുടെ ഈ മനോഭാവവും, ശിഖണ്ഡിക്ക് അദ്ദേഹത്തോടുള്ള വിദ്വേഷവും മുതലെടുത്താണ് പാണ്ഡവപക്ഷം  ഭീഷ്മശരശയ്യയ്ക്ക് കളമൊരുക്കിയത്. പോര്‍ക്കളത്തില്‍ ഭീഷ്മപിതാമഹരുടെ സാന്നിധ്യം അവശേഷിക്കുന്നതുവരെ പാണ്ഡവരുടെ യുദ്ധവിജയം ഒരു പ്രഹേളികയായിരുന്നു.  ഭീഷ്മശരശയ്യാനന്തരം, ദ്രോണാചാര്യര്‍ കൗരവ സേനാനായകനായി നിയുക്തനായി

  അര്‍ജ്ജുനപുത്രനായ അഭിമന്യു, കുരുപക്ഷത്തെ മഹാരഥന്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ച അതി സാഹസികനും, വിദഗ്ദനുമായ ഒരു പോരാളിയായിരുന്നു.  ആയോധനവിദ്യാ പഠനം പൂര്‍ത്തിയാകാതെ യുദ്ധക്കളത്തിലിറങ്ങിയ യോദ്ധാവായിരുന്നു അഭിമന്യു, യുദ്ധത്തിന്റെ പതിമൂന്നാം ദിനം സാഹസികനായ അഭിമന്യു പടക്കളത്തിലിറങ്ങി. ആ ദിവസം ദ്രോണാചാര്യര്‍ ചമച്ച ചക്രവ്യൂഹം ഭേദിച്ച് അതിനുള്ളില്‍ പ്രവേശിക്കുവാന്‍ അഭിമന്യുവിന് കഴിഞ്ഞുവെങ്കിലും, വ്യൂഹത്തിന്റെ പഴുതുകള്‍ നലനിര്‍ത്തി ആയുധങ്ങളും വഹിച്ചുവന്ന സഹപോരാളികളെക്കൂടി അതിനകത്ത് പ്രവേശിപ്പിച്ച്, സഫലമായ പോരാട്ടം നടത്തി, വ്യൂഹം തിരകെ ഭേദിച്ച് പുറത്തു പ്രവേശിക്കുന്നതില്‍ അഭിമന്യു പരാജയപ്പെട്ടു. ചക്രവ്യൂഹത്തിനുള്ളില്‍ ഏകനായി അകപ്പെട്ടുപോയെങ്കിലും, അഭിമന്യു കൗരവസേനയ്ക്ക് കനത്ത ആഘാതമേല്‍പ്പിച്ചു. ദുര്യോധനപുത്രനായ ലക്ഷ്മണന്‍, കോസലരാജ്യത്തെ ബൃഹദ് ബലന്‍ തുടങ്ങിയ ഒട്ടനവധി പേരെ അഭിമന്യു വധിച്ചു, അസാമാന്യ വേഗതയില്‍ പോരാടിയ അഭിമന്യുവിനെ, ദുര്യോധനന്‍, കര്‍ണ്ണന്‍, ദ്രണാചാര്യര്‍ തുടങ്ങിയ ആറ് മഹാരഥന്‍മാര്‍ ചേര്‍ന്ന് ഒരുമിച്ച് ചെറുക്കുവാന്‍ ശ്രമിച്ചു പരാജിതരായെങ്കിലും, മുപ്പത് വയസ് പ്രായമുള്ള അഭിമന്യുവെ പിന്നീടവര്‍ ഒന്നായി വളഞ്ഞാക്രമിച്ചു് ആയുധങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചു മൃതപ്രായനാക്കി.  ഒടുവില്‍ ഒരു ഗദയുമായി ദുശ്ശാസനപുത്രനോട് പോരാടവെ ബോധരഹിതരായി ഇരുവരും നലംപതിച്ചു; ബോധം വീണ്ടുകിട്ടിയ ദുശ്ശാസനപുത്രന്റെ ഗദാപ്രഹരമേറ്റ് അഭിമന്യു വീരഗതി പ്രാപിച്ചു. ഒരു ദ്വന്ദ്വയുദ്ധത്തില്‍ അഭിമന്യുവിന്റെ ആദ്യപ്രഹരത്തില്‍ത്തന്നെ പരലോകം പൂകുമായിരുന്ന ദുശ്ശാസനപുത്രന്‍, കൗരവ മഹാരഥന്‍മാരഥന്‍മാര്‍ മരണ വക്ത്രത്തിലെത്തിച്ച അഭിമന്യുവോടാണ് പൊരുതിയത്.   പിതാവിന്റെ ഏകാഗ്രതയും, ബുദ്ധിയും, വലിയച്ഛന്‍മാരായ യുധിഷ്ടിരന്റെയും, ഭീമന്റെയും ധര്‍മ്മബുദ്ധിയും, ഭുജബലവും, ചെറിയച്ഛന്‍മാരായ നകുല സഹദേവന്‍മാരുടെ ആത്മനിയന്ത്രണവും, പക്വതയും ഒത്തിണങ്ങിയ അഭിമന്യു, മഹാഭാരതത്തിലെ ഒളിമങ്ങാത്ത, എന്നും ജ്വലിക്കുന്ന ഒരു നക്ഷത്രമാണ്.

  പതിനഞ്ചാം ദിനം ദ്രോണാചാര്യരുടെ ദിവസമായിരുന്നുവെന്ന് തന്നെ പറയാം, പതിമൂന്നാം നാള്‍തൊട്ട് പാണ്ഡവ പക്ഷത്തിന് കനത്ത നഷ്ടം വിതച്ച ദ്രോണാചാര്യരെ  അവസാനിപ്പിക്കേണ്ടത് പാണ്ഡവ സേനയുടെ ആവശ്യമായി മാറി.  ധര്‍മ്മയുദ്ധനിയമങ്ങളുടെ നഗ്നമായ ലംഘനം നടത്തിയാണ് ആചാര്യരെ പാണ്ഡവസേന വധിച്ചത്. പണ്ഡവസേനയിലുണ്ടായിരുന്ന ഒരു ആനയ്ക്ക് 'അശ്വത്ഥാമാ' എന്ന് പേരിട്ട് അതിനെ വധച്ചു; ശേഷം "അശ്വത്ഥാമാ ഹത കുഞ്ജര" എന്ന് പ്രഖ്യാപിക്കുവാന്‍ ശ്രീകൃഷ്ണന്‍ യുധിഷ്ഠിരനോട് ആവശ്യപ്പെട്ടു.  യുധിഷ്ഠിരന്‍ "അശ്വത്ഥാമാ ഹത" എന്നു പറഞ്ഞുകഴിയുമ്പോഴെക്ക് വാദ്യഘോഷങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ മുഴക്കി; ഇപ്രകാരം തന്റെ മകനെ കുറിച്ചുള്ള അര്‍ത്ഥസത്യം ദ്രോണാചാര്യരുടെ ചെവികളിലെത്തി, കൂടെ "മാനുഷര്‍ക്ക് ധര്‍മ്മം പഠിപ്പിക്കേണ്ട ബ്രാഹ്മണന്‍ അധര്‍മ്മ പക്ഷത്ത് ചേര്‍ന്ന് ക്ഷത്രിയവൃത്തി ചെയ്യുന്നു" എന്നൊരു അപകീര്‍ത്തിയും ദ്രോണാചാര്യര്‍ക്കെതിരെ യുദ്ധക്കളത്തില്‍ പരന്നു, ഭീമനായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം,  ഇതും ആചാര്യരെ പശ്ചാത്താപ വിവശനാക്കി.  പുത്രവിയോഗ ദുഃഖവും, തനിക്ക് ധര്‍മ്മ വ്യതിചലനം സംഭവിച്ചുവെന്ന കുറ്റബോധവും അദ്ദേഹത്തെ നിരാശനാക്കി, ഒന്നും ചിന്തിക്കാതെ അദ്ദേഹം ധ്യാനമഗ്നനായി യുദ്ധക്കളത്തിലിരുന്നു.  തന്റെ പിതൃവധത്തിന് പ്രതികാരം ചെയ്യാനുള്ളെ സമയം വന്നെത്തിയെന്ന് മനസിലാക്കി ധൃഷ്ടദ്യുമ്നന്‍ വാളുകൊണ്ട് ദ്രോണാചാര്യരുടെ ശിരഛേദം ചെയ്തു.  മുമ്പൊരു യുദ്ധത്തില്‍ ശ്രീകൃഷ്ണനും ഇതിനോട് സാമാനമായ ഒരവസ്ഥയുണ്ടായിരുന്നു.  പിതാവായ വസുദേവര്‍ മരണമടഞ്ഞുവെന്ന വ്യാജവിവരമായിരുന്നു അദ്ദേഹത്തിന്റെ കര്‍ണ്ണപുടങ്ങളിലെത്തിയിരുന്നത്.

    പതിനേഴാംദിനമായിരുന്നു കുരുക്ഷേത്രത്തിലെ ഏറ്റവും നിര്‍ണ്ണായക ദിവസം, ധനുര്‍വിദ്യാ പാരംഗതനായ കര്‍ണ്ണന്‍ വീരഗതി പ്രാപിച്ചത് അന്നായിരുന്നു.  അതിന് മുമ്പ് ദുശ്ശാസനന്റെ ദുര്‍ഗ്ഗതിയും ഇവിടെ വിവരിക്കേണ്ടതായുണ്ട് മഹാഭാരതം നല്‍കുന്ന പഠങ്ങളിലൊന്നാണ് ദുശ്ശാസനന്റെ വീരഗതി.  പതിനാലാം ദിവസമാണ് ദുശ്ശാസനനന്‍ വീരമൃത്യു വരിക്കുന്നത്,- ആ ദിവസം ദുശ്ശാസനന്‍ ഭീമനഭിമുഖമായി വന്നു, അവര്‍ ഗദായുദ്ധം തുടങ്ങി ഭീമന്‍ ദുശ്ശാസനനെ നിരായുധനാക്കി, മല്ലയുദ്ധമാരംഭിച്ചു; അനന്തരം കുരുക്ഷേത്ര ഭൂവില്‍ അരങ്ങേറിയത് വിധിയുടെ വിളയാട്ടമായിരുന്നു.  ദുശ്ശാസനന് അധികനേരം പിടിച്ചുനില്‍ക്കുവാന്‍ കഴിഞ്ഞില്ല, യുദ്ധക്കളത്തില്‍ മലര്‍ന്ന് വീണ ദുശ്ശാസനന്റെ ജീവനുള്ള ദേഹത്തുനിന്ന് ഇരുകരങ്ങളും ഭീമന്‍  പറിച്ചുനീക്കി, ദുശ്ശാസനന്റെ ആര്‍ത്തനാദം കുരുക്ഷേത്രമൈതാനത്തെ പിടിച്ചു കുലുക്കി, തന്റെ അനുജന്റെ (വലിയച്ഛന്റെ മകന്‍) മാറിടം പിളര്‍ന്ന് ഭീമന്‍ രുധിരപാനം ചെയ്തു, ദുശ്ശാസനന്‍ വീരഗതിയടഞ്ഞു.  ഈ വിവരം സഞ്ജയന്‍ ധൃതരാഷ്ട്രരെ അറിയിക്കുന്നുണ്ട്, - "ഇതിനെ യുദ്ധമെന്ന് പറയുവാന്‍ കഴിയില്ല, ഇത് ഭീമന്‍, അവന്റെ  കൈത്തരിപ്പ് തീര്‍ത്തതാണ്" എന്ന് പറഞ്ഞുകൊണ്ട് അന്ധനായ ആ വൃദ്ധപിതാവ് ഒരുപാട് നേരം കരഞ്ഞു, - സ്വയംകൃതാനര്‍ത്ഥം - അദ്ദേഹത്തിനന്ന് ആ മത്സരചൂതിന് അനുമതി നല്‍കാതിരിക്കാമായിരുന്നു, അന്നത്തെ ആ അനര്‍ത്ഥം തടയുവാന്‍ കുരുശ്രേഷ്ടന്‍മാരുടെ പരിപൂര്‍ണ്ണപിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.  യഥാര്‍ത്ഥത്തില്‍ ഭീമനാണോ ദുശ്ശാസനനെ വധിച്ചത്?- അല്ല, നിറഞ്ഞ കൗരവസഭയില്‍, ദ്യൂതക്രീഡാനന്തരം, ദുര്യോധന്‍ തന്റെ അനുജനുജനായ ദുശ്ശാസനന് നല്‍കിയ ആജ്ഞകളാണ് ദാരുണമായ ആ അന്ത്യത്തിന് വഴിയൊരുക്കിയത്, - ദുര്യോധനന്റെ ജളാജ്ഞകള്‍.

  കര്‍ണ്ണനും, അര്‍ജ്ജുനനും തമ്മിലുള്ള അവസാന പോരാട്ടം ആരംഭിച്ചു.  പാര്‍ത്ഥ സാരഥിയായ ശ്രീകൃഷ്ണനെപ്പോലെ സാരത്ഥ്യം വഹിക്കുവാന്‍ കഴിവുള്ള ഒരാളെന്ന നിലയില്‍ മാദ്രയിലെ രാജാവായ മഹാരഥന്‍ ശല്യരെയാണ് കര്‍ണ്ണന്റെ സാരഥ്യത്തിനായി നിയോഗിച്ചത്.  യുദ്ധത്തില്‍, ശ്രീകൃഷ്ണനെ പോലെതന്നെ സമര്‍ത്ഥമായി ശല്യര്‍ തേര്‍തെളിച്ചുവെങ്കിലും കര്‍ണ്ണനോടയാള്‍ക്ക് നീരസമുണ്ടായിരുന്നു.  സൂതപുത്രനെന്ന് വിളിക്കപ്പെട്ട ഒരാളുടെ തേര്‍ തെളിക്കുന്നത് തന്റെ ഗതികേടായി ശല്യര്‍ കരുതി.   സ്ഥാനത്തും അസ്ഥാനത്തും പ്രോത്സാഹനം നല്‍കി ദുര്യോധനനെ തികഞ്ഞൊരു അഹങ്കാരിയാക്കി മാറ്റി യുദ്ധത്തിന് വഴിയൊരുക്കിയെന്ന് പറഞ്ഞ് അയാള്‍ കര്‍ണ്ണനെ കുറ്റപ്പെടുത്തി.  യുദ്ധം ആരംഭിച്ചു, പടക്കളത്തില്‍ പോരാടിക്കൊണ്ടിരുന്ന പടയാളികള്‍ യുദ്ധത്തില്‍നിന്ന് മാറി അതിസാഹസികമായ ആ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു.   രണ്ടുപേര്‍ക്കും നന്നായി മുറിവേറ്റു, ഇരുവരും, പല ഘട്ടങ്ങളിലും, സാരഥ്യത്തിന്റെ മേന്മകൊണ്ട് മരണത്തില്‍നിന്ന് രക്ഷപ്പെട്ടു.  തന്റെ ഗുരുവായ പരശുരാമന്റെ ശാപവചനങ്ങള്‍ ഉപബോധമനസില്‍ ഉള്ളതുകൊണ്ടാവാം, യുദ്ധത്തില്‍ കര്‍ണ്ണന് ദിവ്യാസ്ത്രങ്ങള്‍  (Empowered arrows) ഉപയോഗിക്കുവാന്‍ കഴിഞ്ഞില്ല, അര്‍ജ്ജുനനും ദിവ്യാസ്ത്രങ്ങള്‍ ഉപയോഗിച്ചില്ല.  രക്തച്ചൊരിച്ചില്‍കൊണ്ട് നേര്‍ത്തുപോയ പോര്‍മണ്ണില്‍ രണ്ടുപേരുടെയും രഥചക്രങ്ങള്‍ പുതഞ്ഞു, രഥത്തില്‍നിന്ന് ചാടിയിറങ്ങി ശ്രീകൃഷ്ണന്‍ തന്റെ തേരിന്റെ ചക്രങ്ങള്‍ കരയ്ക്ക് കയറ്റി, ഈ സമയം കര്‍ണ്ണന്‍ നിര്‍ത്താതെ ശരവര്‍ഷം നടത്തി, കര്‍ണ്ണന്റെ രഥചക്രങ്ങളും രുധിരപങ്കത്തില്‍ താണു, സാരഥിയായ ശല്യര്‍ അനങ്ങിയില്ല, കര്‍ണ്ണന് തന്നെ ആ ജോലി ചെയ്യേണ്ടിവന്നു.  അമ്പൈത്ത് നിര്‍ത്തുവാന്‍ തുടങ്ങിയ അര്‍ജ്ജുനനോട്, ശ്രീകൃഷ്ണന്‍, "കര്‍ണ്ണന്‍ നമ്മളോട് കാണിക്കാത്ത നീതി നമ്മളും കാണിക്കേണ്ടതില്ലെ"ന്ന് പറഞ്ഞ്  ആക്രമണം തുടരുവാനാവശ്യപ്പെട്ടു; സവ്യസാചി (Ambidextrous - ഇരുകൈകൾ കൊണ്ടും അനായാസം യുദ്ധം ചെയ്യുവാന്‍ കഴിവുള്ള യോദ്ധാവ്) ഈ അവസരം പാഴാക്കാതെ വിനിയോഗിച്ചു, നല്ലൊരസ്ത്രമെടുത്ത് തന്റെ ഗാണ്ഢീവമഹാധനുസില്‍ തൊടുത്ത്, നന്നായി കുഴിച്ച് കര്‍ണ്ണന്റെ ശിരസ് ലക്ഷ്യമാക്കി എയ്തു;  അദ്വിതീയനായ, ഭാനുസമാനനായ, അതിരഥന്റെയും രാധയുടെയും വാത്സല്യനിധിയായി വളര്‍ന്ന, പ്രഥമ കുന്തീപുത്രനായ കര്‍ണ്ണന്റെ കബന്ധം ആ സംഗ്രാമഭൂമി ഏറ്റുവാങ്ങി.

  ഉപേക്ഷിക്കപ്പെട്ട നിലയില്‍ അശ്വപാലകനായ അതിരഥന്റെയും, പത്നി രാധയുടെയും കൈകളില്‍ വന്നുപെട്ട കര്‍ണ്ണനെ, അനപത്യതാ ദുഃഖമനുഭവിച്ചുവന്ന ആ ദംബതികള്‍ വളര്‍ത്തി വലുതാക്കി; അങ്ങനെ  അദ്ദേഹം സൂത[അശ്വപരിപാലനം, യുദ്ധക്കളത്തില്‍ പോരാളികളുടെ സാരഥ്യം തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ജാതി]പുത്രന്‍ എന്നറയപ്പെട്ടു.  ദ്രൗപദീ സ്വയംവരമുള്‍പ്പെടെ, ആയോധനകലയില്‍, തനിയ്ക്കുള്ള വൈദഗ്ദ്യം കാണിക്കുവാന്‍ എത്തിയ എല്ലാ വേദികളിലും കര്‍ണ്ണന്‍ അപമാനിതനായി.  താന്‍ ആറ്റുനോറ്റിരിക്കുന്ന യുദ്ധത്തില്‍ അര്‍ജ്ജുനനെതിരെ ഉപയോഗപ്പെടുത്തുവാനുള്ള ഒരു ആയുധമായി കര്‍ണ്ണനെക്കണ്ട ദുര്യോധനന്‍, കര്‍ണ്ണന്റെ സൂതപുത്രനെന്ന സ്ഥാനം മാറ്റുവാന്‍, അംഗരാജ്യം നല്‍കി.  ഇത് കര്‍ണ്ണനെ ദുര്യോധനനുമായി അടുപ്പിക്കുക മാത്രമല്ല, അയാളോട് കടപ്പെട്ടവനാക്കുക കൂടിച്ചെയ്തു, അവര്‍ ഉറ്റ മിത്രങ്ങളായി. തെറ്റാണന്നറിഞ്ഞിട്ടും അധാര്‍മ്മികനും, യുദ്ധക്കൊതിയനുമായ ദുര്യോധനന്റെ എല്ലാ ചെയ്തികള്‍ക്കും കൂട്ട്നിന്നു.  ഭീഷ്മാചാര്യരുമായുള്ള വാഗ്വാദത്തെ തുടര്‍ന്ന് കൂരുക്ഷേത്രയുദ്ധത്തിന്റെ ആദ്യ പത്തുനാളുകളില്‍ കര്‍ണ്ണന്‍ യുദ്ധത്തില്‍നിന്ന് വിട്ടുനിന്നു. ഒടുവില്‍ ശരശയ്യയിലായ പിതാമഹരെ കണ്ട് ക്ഷമാപണം നടത്തി.  അവിവാഹിതയായ മാതാവിന്റെ സന്താനമാകേണ്ടി വന്ന ദുര്യോഗമാണ് ആ മഹായോദ്ധവിനെ വിധിയുടെ ബലിമൃഗമാക്കിത്തീര്‍ത്തത്. യുദ്ധമൊഴിവാക്കുവാനുള്ള അവസാന കൈ എന്ന നിലയില്‍, ശ്രീകൃഷ്ണന്‍, കര്‍ണ്ണന്റെ യഥാര്‍ത്ഥ മേല്‍വിലാസം വെളിപ്പെടുത്തിക്കൊണ്ട്, അദ്ദേഹത്തെ ഇന്ദ്രപ്രസ്ഥസിംഹാസനം അലങ്കരിക്കുവാന്‍ ക്ഷണിച്ചു; ആ പ്രലോഭനത്തിന് കര്‍ണ്ണനെ ഇളക്കുവാന്‍ കഴിഞ്ഞില്ല, അപ്പോഴെയ്ക്ക് വിധിയുടെ വിധാനം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു.  

  പതിനെട്ടാം ദിനം,- അസാമാന്യരായ മഹാരഥന്‍മാരെല്ലാം വീരമൃത്യുപൂകി, കൗരവപക്ഷം ഏതാണ്ട് പരാജയപ്പെട്ടുകഴിഞ്ഞു.  അവസാന പോരാട്ടത്തിന് സമയമായി, കര്‍ണ്ണന്റെ സാരഥിയായിരുന്ന ശല്യരെ കൗരവപക്ഷത്തിന്റെ സേനാനായകനാക്കി. പാണ്ഡവരുടെ പിതാവായ പാണ്ഡുവിന്റെ രണ്ടാം ഭാര്യ മാദ്രിയുടെ സഹോദരനായിരുന്ന ശല്യര്‍, അബദ്ധം പിണഞ്ഞ് കൗരവപക്ഷത്തെത്തി യുദ്ധം ചെയ്യണ്ടി വന്ന മഹാരഥനാണ്. യുധിഷ്ഠിരനുമായുള്ള ശക്തി സംഘട്ടനത്തില്‍ (Spear fight) അദ്ദേഹം വീരഗതിയടഞ്ഞു. അനന്തരം, പടക്കളത്തില്‍നിന്ന് അപ്രത്യക്ഷനായ ദുര്യോധനനെ പണ്ഡവര്‍ അവിടമെല്ലാം തിരഞ്ഞുവെങ്കിലും കണ്ടില്ല.  ഒടുവില്‍ ദ്വൈപായനമെന്ന തടാകത്തിനടിയില്‍ ജലസ്തംഭനം ചെയ്ത് കിടക്കുന്നതായി വിവരം ലഭിച്ചു, ശ്രീകൃഷ്ണനും പാണ്ഡവരും ദ്വൈപായനസരസിനരികെയത്തി ദുര്യോധനനോട് പുറത്തുവരുവാനാവശ്യപ്പെട്ടു, അയാള്‍ പുറത്ത് വന്നു, പന്തയലഹരിയ്ക്കടിമപ്പെട്ട യുധിഷ്ഠിരന്‍ വീണ്ടുമൊരുമൊരു പന്തയം വച്ചു, പാണ്ഡവരിലൊരാളോട് ദ്വന്ദ്വയുദ്ധം ചെയ്ത് വിജയിച്ചാല്‍ രാജ്യം വിജയിയ്ക്ക് എന്നതായിരുന്നു പന്തയം. കുരുക്ഷേത്രയുദ്ധത്തില്‍ അണിചേരാതെ യാത്രയ്ക്ക്പോയ ശ്രീകൃഷന്റെ ജ്യേഷ്ടഭ്രാതാവ് ബലഭദ്രര്‍ ആസമയത്ത് തിരികെയത്തി; യുദ്ധത്തിന്റെ അവസാനം കാണുവാന്‍ അദ്ദേഹവും ആ സരസിനരികെയുണ്ടായിരുന്നു.

  ദ്വന്ദ്വയുദ്ധത്തിനായി ദുര്യോധനന്‍ ഭീമനെത്തന്നെ തിരഞ്ഞെടുത്തു, ഗുരു സാന്നിധ്യത്തില്‍ ഇരുവരും ഗദായുദ്ധം ആരംഭിച്ചു, രണ്ടുപേരും ഒപ്പത്തിനൊപ്പം പോരാടി.  അതിവിദഗ്ദരായ അഭ്യാസികളുടെ ഗദയേന്തിക്കൊണ്ടുള്ള പോരാട്ടം പ്രവചനാതീതമായി നീണ്ടു.  ദുര്യോധനന്‍, തന്റെ കാരിരുമ്പു് സമാനമായ ദേഹത്ത് പ്രഹരമേറ്റ് നിലംപതിക്കുമ്പോള്‍ ഒന്നും സംഭവിക്കാത്തവനെപ്പോലെ എഴുന്നേറ്റ് വീണ്ടും ഊര്‍ജ്ജസ്വലനായി പോരാട്ടം തുടരുന്നുണ്ടായിരുന്നു. ചിട്ടയായ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ഈ സിദ്ധി, അന്തിമ പോരാട്ടത്തിന്റെ നിര്‍ണ്ണയം അനന്തമായി നീട്ടി. ഇതിനൊരു തീരുമാനമുണ്ടാക്കാന്‍ ശ്രീകൃഷ്ണന്‍ തീരുമാനിച്ചു, ദ്രൗപദീ വസ്ത്രാക്ഷേപ സമയത്ത് ഭീമനെടുത്ത ശപഥം ഓര്‍മ്മിപ്പിക്കുവാന്‍ അദ്ദേഹം അര്‍ജ്ജുനനോട് ആവശ്യപ്പെട്ടു, അര്‍ജ്ജുനന്‍ ഭീമനഭിമുഖമായി വന്നു, പോരാട്ടത്തില്‍ പ്രയോഗിക്കുന്ന, അടവുകള്‍ക്കും, കൈകള്‍ക്കുമൊപ്പിച്ച് തന്റെ തുടയില്‍ താളം പിടിക്കുവാന്‍ തുടങ്ങി.  ഒരു പഴുതില്‍, ഭീമന്‍ ദുര്യോധനന്റെ തുടയില്‍ കനത്ത പ്രഹരമേല്‍പ്പിച്ചു, വിശിഷ്ടനായ ആ അഭ്യാസി തറയില്‍ വീണു പിടയുവാന്‍ തുടങ്ങി. 

  ഗദായുദ്ധനിയമങ്ങളില്‍ അരയ്ക്ക് കീഴ്പോട്ട് പ്രഹരമില്ല, കണ്ടുനിന്ന, ഗുരുവായ ബലഭദ്രര്‍ക്ക് അരിശം വന്നു ഗദയുമേന്തി ഭീമന് നേര്‍ക്ക് നീങ്ങി, ശ്രീകൃഷ്ണന്‍, മല്ലയുദ്ധനിപുണനും കൂടിയായ തന്റെ ജ്യേഷ്ടന്‍ ബലഭദ്രരുടെ അരക്കെട്ട് കരവലയത്തിലാക്കി പൂട്ടി.  ഒരു നിര്‍ണ്ണായക സന്ധിയില്‍ ധര്‍മ്മാധര്‍മ്മ വിവേചനം ചെയ്ത്, ധര്‍മ്മപക്ഷം ചേരാതെ,  ഒളിച്ചോടിയ ഒരാള്‍ക്ക്, അന്തിമ നിമിഷം യുദ്ധത്തില്‍ കഷിചേരാന്‍ എന്തവകാശം?  ബലഭദ്രര്‍ അവിടം വിട്ടുപോയി.

  മൃത്യുദംഷ്ട്രങ്ങളിലകപ്പെട്ട ദുര്യോധനന്‍, താന്‍ ദ്രോണാചാര്യരില്‍നിന്നോ ബലഭദ്രരില്‍നിന്നോ പഠിച്ചിട്ടില്ലാത്ത, ശ്രീകൃഷ്ണന്‍ പഠിപ്പിച്ച, അവസാന പാഠം, ധര്‍മ്മപുത്രരോടോതി, "നിനക്ക് ഭരിക്കുവാന്‍ ശേഷിക്കുന്നത് വിധവകളുടെ സാമ്രാജ്യമാണ്".  ശമനപാശം വരിഞ്ഞുമുറുക്കിയ ആ ശരീരത്തെ അപാമാനിക്കുവാന്‍ ശ്രമിച്ച പാണ്ഡവരെ തടഞ്ഞ ശ്രീകൃഷ്ണനോട് "നീ ധര്‍മ്മത്തെക്കുറിച്ച് മിണ്ടരുതെ"ന്ന് ആക്രോശിച്ചുകൊണ്ട്, പാണ്ഡവര്‍ കുരുക്ഷേത്രയുദ്ധത്തില്‍, ശ്രീകൃഷ്ണന്റെ പ്രേരണയാല്‍ നടത്തിയ ധര്‍മ്മയുദ്ധനിയമങ്ങളുടെ ലംഘനങ്ങളെക്കുറിച്ച് പറഞ്ഞു.  ദുര്യോധനനെ സംബന്ധിച്ചിടത്തോളം ധര്‍മ്മമെന്നാല്‍ യുദ്ധക്കളത്തില്‍ പാലിക്കുവാനുള്ള ചെറിയൊരു നിയമാവലിയായിരുന്നു. സഹോദരപത്നിയെ, ഒട്ടനവധിപേര്‍ നിറഞ്ഞു വിരാജിച്ച സഭാമധ്യത്തില്‍ വിവസ്ത്രയാക്കുവാന്‍ ആജ്ഞ നല്‍കിയവനാണ് ധര്‍മ്മത്തെക്കുറിച്ച് ശ്രീകൃഷ്ണനോട് പറയുന്നത്.  രാജ്യം സ്ഥാപിക്കുവാന്‍ പാണ്ഡവര്‍ക്ക് ധൃതരാഷ്ട്രര്‍ നല്‍കിയ കാട്ടുഭൂപ്രദേശത്ത്, ശ്രീകൃഷ്ണന്റെ നേതൃത്വത്തില്‍ കഠിനപ്രയത്നമെടുത്ത് ഖാണ്ഡവപ്രസ്ഥരാജ്യം സ്ഥാപിച്ചപ്പോള്‍, അതിന്റെ രാജാവായ യുധിഷ്ഠിരന്റെ പന്തയ ദൗര്‍ബല്യം മുതലെടുത്ത്, കാപട്യത്തിലൂടെ അത് കൈക്കലാക്കുകയും; പന്തയ നിബന്ധനകള്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ പാണ്ഡവര്‍ക്ക്, അവരില്‍നിന്ന് കൈക്കലാക്കിയ രാജ്യം തിരികെ നല്‍കാതെ, അജയ്യരായ ഭീഷ്മദ്രോണാദികളുടെ ബലത്തില്‍, അവരെ യുദ്ധം ചെയ്ത് വകവരുത്തുവാന്‍ ഇറങ്ങുകയും ചെയ്തവനാണ് ധര്‍മ്മ പ്രഘോഷണം നടത്തുന്നത് (യഥാര്‍ത്ഥത്തില്‍ രണ്ടാമത് നടന്ന പന്തയച്ചൂതില്‍, യുധിഷ്ഠിരന്‍ രാജ്യം പണയം വച്ചിരുന്നില്ല, വനവാസവും, അജ്ഞാതവാസവും മാത്രമായിരുന്നു പന്തയ വ്യവസ്ഥകള്‍).  അനന്തരം താന്‍ ക്ഷത്രിയോചിതമായി പോരട്ടം നടത്തിയ കഥകള്‍ പറഞ്ഞ്, ഒടുവില്‍ "നിനക്ക് നരകമായിരിക്കും ലഭിക്കുക" എന്നു പറഞ്ഞ് അയാള്‍ ശ്രീകൃഷ്ണനെ ശപിക്കുന്നുണ്ട്.  ദുര്യോധനന് വീരസ്വര്‍ഗ്ഗം ലഭിച്ചതിന്റെ വിവരണങ്ങള്‍ മഹാഭാരതത്തില്‍ നല്‍കുന്നുണ്ട്; യുദ്ധത്തില്‍ മരണമടയുന്ന ക്ഷത്രിയന് വീരസ്വര്‍ഗ്ഗം ലഭിക്കുമെന്നത് ഇന്ത്യയിലെ പരമ്പരാഗതമായൊരു വിശ്വാസമാണ്; പക്ഷേ, യുദ്ധത്തില്‍ മരിക്കുന്ന ഏതൊരു പോരാളിയ്ക്കും അത് ലഭിക്കും,- അതിരപഹരിച്ച രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്ത് മരിയ്ക്കുന്ന പോരാളിയ്ക്കും, അതിര് തിരിച്ച്പിടിയ്ക്കുവാന്‍ പടക്കളത്തിലിറങ്ങുന്ന രാജ്യത്തിന് വേണ്ടി മരിക്കുന്ന പോരാളിയ്ക്കും വീരഗതിയുണ്ട്.

  മൃതി ജീവിതത്തിന്റെ ഭാഗമാണ്, ഒരാള്‍ മരിക്കുമ്പോള്‍ ജീവനോടൊപ്പം അയാളുടെ ദുഷ്ചെയ്തികളും വിട്ടുപോകാന്നു, തുടര്‍ന്ന് ശേഷിക്കുന്നത് നിഷ്ചേതനമായ അയാളുടെ ശരീരം മാത്രമാണ്, അത് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കുള്ള ഒരു പാഠമാണ്, അതിനോട് അനാദരവ് കാണിക്കരുത്, അത് ജീവിച്ചിരിക്കുന്നവരുടെ ധര്‍മ്മമാണ്.  ക്ഷത്രിയധര്‍മ്മത്തെ അവഗണിച്ച്, തന്റെ ഉറ്റമിത്രമായ ദ്രൗപദിയ്ക്ക് നേരിട്ട അപമാനത്തിനുള്ള പ്രതികാരത്തെയും, ഭീമന്റെ ശപഥത്തെയും പരിഗണിക്കാതെ, ശ്രീകൃഷ്ണന്‍ ഹസ്തിനപുരിയില്‍ ശാന്തി ദൂതിന് പോയത് സമൂഹത്തിന്റെ സ്വൈരസ്വസ്ഥ ജീവിതത്തിന് വേണ്ടിയാണ്.  യുദ്ധത്തിന്റെ വഴി അവസാനിക്കുന്നത് ചുടലപ്പറമ്പിലും, ശാന്തിയുടെ മാര്‍ഗ്ഗം സമൃദ്ധിയിലേക്കും, ഐശ്വര്യത്തിലേക്കും, സന്തോഷത്തിലേക്കും, സ്നേഹത്തിലേക്കും, സമാധാനത്തിലേക്കുമുള്ളതാണെന്നും അദ്ദേഹം ശാന്തി ദൂതില്‍ വ്യക്തമാക്കിയിരുന്നു.  ശ്രീകൃഷ്ണന് ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കുവാനുള്ള പൂര്‍ണ്ണമായ അവകാശമുണ്ട്, കാരണം അദ്ദേഹം വാദിച്ചത് ശാന്തിയ്ക്ക് വേണ്ടിയാണ്, ജീവിതത്തിന് വേണ്ടിയാണ്, -യുദ്ധത്തിന് വേണ്ടിയല്ല.  ധര്‍മ്മം പാലിച്ചുകൊണ്ടാണെങ്കിലും, അല്ലെങ്കിലും യുദ്ധങ്ങള്‍ വിരുത്തിവയ്ക്കുന്നത് വിപത്തുകള്‍ മാത്രമാണ്, അതിന്റെ അനന്തര ഫലം വിനാശവും, കണ്ണുനീരുമാണ്.

  നിരവധിയുദ്ധങ്ങളില്‍ പങ്കെടുത്ത, രണനിലങ്ങളിലൊഴുകിയ നിണനദികളേക്കാള്‍ രണശേഷമാര്‍ത്തിരമ്പിയ കണ്ണീര്‍ക്കടലുകള്‍ കണ്ട ശ്രീകൃഷ്ണന്‍ ദ്വാരക സ്ഥാപിച്ചു.  യുദ്ധക്കൊതിയനായ ജരാസന്ധനെ തന്ത്രപരമായി വകവരുത്തി, -ജരാസന്ധനെ മാത്രമല്ല, യുദ്ധങ്ങളും, നരഹത്യകളും, പടിച്ചടക്കലുകളും വിനോദമാക്കിയ, പഴയകാല സ്തുതിപാടകരുടെ വാക്കുകള്‍ കടമെടുത്താല്‍ "വിധവകളുടെ കണ്ണുനീരില്‍ പോര്‍ക്കുതിരകളെ നീന്തിച്ച" പല സമ്രാട്ടുകളെയും, സാമൂഹ്യ സ്വൈരജീവിതത്തിന് ഭീഷണിയുയര്‍ത്തിയ പലരെയും, ഒരു രാജാവെന്ന നിലയിലും, അല്ലാതെയും അദ്ദേഹം നിഷ്ക്കരുണം അവസാനിപ്പിച്ചിട്ടുണ്ട്.  ഒരു യുദ്ധക്കൊതിയനെ ഇല്ലാതാക്കിയാല്‍, നിരവധി യുദ്ധങ്ങള്‍ ഇല്ലാതാകും, അയാളുടെ പക്ഷത്ത് പോരാടുന്നവരും, അയാളുടെ ആക്രമണത്തിനിരയാവുന്നവരുമായ അസംഖ്യം നിരപരാധികളായ പടയാളികളും, അവരുടെ കുടുംബങ്ങളും, യുദ്ധമുണ്ടാക്കുന്ന ദുരിതങ്ങളില്‍നിന്നും, അനാഥത്വത്തില്‍നിന്നും, കഷ്ടപ്പാടുകളില്‍നിന്നും, കണ്ണുനീരില്‍നിന്നും രക്ഷപ്പെടും.

     കുരുക്ഷേത്രയുദ്ധം നല്‍കുന്ന പാഠം മഹത്തരമാണ്, കര്‍മ്മനിരതമാവുക എന്ന ഒരു പ്രേരണ(impetus)യാണ്  'കുരു' എന്ന സംസ്കൃത പദം മനസില്‍ ഉണ്ടാക്കുന്നത്. എല്ലാ കര്‍മ്മങ്ങളുടെയും ആത്യന്തിക ലക്ഷ്യം സാമൂഹ്യസഹവര്‍ത്തിത്ത്വത്തിലൂന്നിയ ജീവിതത്തിന്റെ സുസ്ഥിതിയാണ്.  വിദ്വേഷം, അഹങ്കാരം, കാപട്യം, വഞ്ചന, ദ്രോഹബുദ്ധി തുടങ്ങിയ ആശാസ്യമല്ലാത്ത പ്രവണതകള്‍ ഒരു വ്യക്തിയുടെ സ്വര്‍ത്ഥതയില്‍നിന്ന് നാമ്പെടുക്കുന്നതാണ്, അത്തരം വ്യക്തികളെ തടയേണ്ടതിന് പകരം, അവര്‍ക്ക് പ്രോത്സാഹനം നല്‍കിയാല്‍ സാമൂഹിക, വൈയ്യക്തിക ജീവിതങ്ങളുടെ സ്വരച്ചേര്‍ച്ച (Harmony) നഷ്ടമാകും.  കര്‍മ്മഭൂമി (കുരുക്ഷേത്രം) സംഘര്‍ഷഭരിതമാകും,- അതാണ് കുരുക്ഷേത്രയുദ്ധം.  യുദ്ധത്തേക്കാള്‍ ശാന്തിയായിരിക്കണം എപ്പോഴും സ്വീകാര്യം, ശാന്തിയുടെ സ്വീകാര്യതയ്ക്കായി ഏതറ്റം വരെയും പോകേണ്ടതുണ്ട്.  നീതിനിര്‍ണ്ണയത്തിന്റെ ത്രാസില്‍, കയ്യൂക്കിന്റയും, ആയുധബലത്തിന്റെയും അടിസ്ഥാനത്തില്‍, അഹങ്കാരജന്യമായ തീരുമാനങ്ങളുടെയും, കുടിലമായ ചെയ്തികളുടെയും തട്ടിന്, നിര്‍വ്യാജവും (Genuine), നീതിയുക്തവുമായ (Legitimate) ആവശ്യങ്ങളുടെ തട്ടിനേക്കാള്‍ താഴ്ചവന്നാല്‍ അത് വിപല്‍ക്കരമായിരിക്കും.  കുരുക്ഷേത്രയുദ്ധവും, അതിനിടവരുത്തിയ സംഭവവികാസങ്ങളും, മനുഷ്യരും, മനുഷ്യരുടെ സാമൂഹ്യജീവിതവും ലോകത്തില്‍ നിലനില്‍ക്കുംവരെയുള്ള ഒരു സാര്‍വ്വലൗകിക പാഠമാണ്.  സ്വന്തം ജീവിതത്തിന്റെ നാള്‍വഴികളില്‍ പൊതുവായും, പാണ്ഡവരുമായുള്ള ബന്ധത്തിന്റ നാള്‍വഴികളില്‍ പ്രത്യേകിച്ചും, (വിശിഷ്യ ഖാണ്ഡവദഹനം മുതല്‍ കുരുക്ഷേത്രയുദ്ധംവരെ) ശാന്തിമാര്‍ഗ്ഗത്തിന്റെ അങ്ങേയറ്റം വരെ യാത്രചെയ്ത, ധര്‍മ്മത്തിന്റെ മൂര്‍ത്ത രൂപമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍.


PC - https://wallpapercave.com/






    


    




ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ (ഭാഗം -1) ശാന്തിദൂതന്റെ പരാജയം

     ഭഗവാന്‍ ശ്രീകൃഷ്ണന്‍ സമാധാനപ്രിയനായിരുന്നു, എന്നും, എപ്പോഴും,- പുല്ലാങ്കുഴല്‍ വായനക്കാരനായ ശ്രീകൃഷ്ണന്‍ അവശ്യ ഘട്ടങ്ങളില്‍ ആയുധമേന്തി യുദ്ധക്കളത്തിലിറങ്ങിയിരുന്നുവെങ്കിലും തികഞ്ഞ യുദ്ധവിരോധിയായിരുന്നു. ജരാസന്ധന്‍ ശ്രീകൃഷ്ണന്റെ രാജ്യമായ മഥുരയ്ക്ക് നേരെ നിരന്തരം ആക്രമണമഴിച്ചുവിട്ടുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ദ്വാരക സൃഷ്ടിച്ചു.  ജരാസന്ധനോട് എതിരിടാനുള്ള ധനക്കരുത്തും, മനക്കരുത്തും, കൈക്കരുത്തും ഇല്ലാഞ്ഞിട്ടായിരുന്നിട്ടല്ല, തന്റെ രാജ്യത്തെ അനാഥത്വത്തില്‍നിന്നും, ദാരിദ്ര്യത്തില്‍നിന്നും, കണ്ണുനീരില്‍നിന്നും അകറ്റിനിര്‍ത്താന്‍വേണ്ടിയായിരുന്നു ഈ പുതിയ രാജ്യത്തിന്റെ സ്ഥാപനം,- അഥവ വിജയം സുനിശ്ചിതമായിരുന്ന യുദ്ധങ്ങളുടെയും, തന്റെ ജനതയ്ക്ക് വന്നുപെട്ടേയ്ക്കാവുന്ന ദുരിതങ്ങളുടെയും ചിത്രങ്ങള്‍ ഒരുമിച്ച് മനസില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് സ്വീകാര്യമായി തോന്നിയത് സമാധാനമായിരുന്നു.  സമാധാനത്തിന്റെ ഈ തിരഞ്ഞെടുപ്പിലൂടെ 'യുദ്ധക്കളം വിട്ടോടിയ മഹാരാജാവ്' എന്ന അപമാനത്തിന്റെ ഉത്തരീയമണിഞ്ഞ നിസ്തുലനായ ശ്രീക‍ൃഷ്ണന്‍ (തുലാവാ ഉപമാ കൃഷ്ണസ്യ നാസ്തിഃ) യുദ്ധക്കൊതിയനും, സാമ്രാജ്യമോഹിയുമായിരുന്ന ജരാസന്ധനെ സമര്‍ത്ഥമായി ഉന്‍മൂലനം ചെയ്തു.

  വിരാട രാജകൊട്ടാരത്തില്‍ പാണ്ഡവരുടെ അഞ്ജാതവാസം അവസാനിച്ച വേളയില്‍, പാണ്ഡവരുടെ ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്ത സദസില്‍ അര്‍ജുന ശിഷ്യനായ മഹാരഥന്‍ സാത്യകി (യുയുധാനന്‍), ക്ഷത്രിയരുടെ കളം ചതുരംഗപലകയല്ല യുദ്ധക്കളമാണെന്നും, ആയുധം പകിടയല്ല അസ്ത്രശസ്ത്രങ്ങളാണെന്നും പ്രഖ്യാപിച്ചു.  പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് സംസാരിച്ച ആ പര്യാലോചനയുടെ അവസാനം, ദ്രൗപദിയുടെയും, ഭീമന്റെയും ശപഥങ്ങള്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ "നിരപരാധികളായ മനുഷ്യര്‍ക്ക് കഷ്ടനഷ്ടങ്ങള്‍ സംഭവിക്കരുതെന്നും, ഗുരുജനങ്ങളും, സഹോദരങ്ങളും, ബന്ധുക്കളും, മിത്രങ്ങളും, പരസ്പരം വെട്ടി മരിക്കേണ്ടതില്ലെന്നും, സമാധാനമാണ് വഴി"യെന്നും വ്യക്തമാക്കി ക്ഷാത്രവീര്യത്തെ നിരാകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഭാവിയുടെ വിധാനം കണക്ക്കൂട്ടിക്കണ്ട ശ്രീകൃഷ്ണന്‍ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാതെ അതിനുള്ള തയ്യാറെടുപ്പും ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

    കൗരവരും, പാണ്ഡവരും തമ്മിലുള്ള സ്പര്‍ദ്ദ (Sibling rivalry) കുട്ടിക്കാലം മുതല്‍ക്കേ തുടങ്ങിയതാണ്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അത് വിവിധരൂപങ്ങള്‍ കൈക്കൊണ്ടുവെന്ന് മാത്രം.  ഒരിക്കല്‍ ദുര്യോധനനും, ദുശ്ശാസനനും ഭീമന് വിഷം നല്‍കി ഗംഗാനദിയില്‍ ഒഴുക്കിയിട്ടുണ്ട്, മറ്റൊരിക്കല്‍ ഈ അഞ്ച് സഹോദരരെയും, അവരുടെ അമ്മ കുന്തിയെയും അരക്കുകൊണ്ട് തീര്‍ത്ത കൊട്ടാരത്തിലിട്ട് (അരക്കില്ലം) ചുട്ട് ചാമ്പലാക്കുവാന്‍ ദുര്യോധനാദികള്‍ ശ്രമിച്ചിട്ടുണ്ട്, ഈ ആപത്തുകളില്‍നിന്നെല്ലാം ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍  രക്ഷപ്പെട്ടത്.  പക്ഷേ ധര്‍മ്മബുദ്ധിയായ യുധിഷ്ഠിരന്‍ തികഞ്ഞ പക്വമതിയായിരുന്നു, ഒരിയ്ക്കല്‍ ദുര്യോധനനും, അനുജന്‍മാര്‍ക്കും ആപത്ത് പിണഞ്ഞപ്പോള്‍ "വയം പഞ്ചാധികം ശതം (നൂറിനോടൊപ്പം ഞങ്ങള്‍ അഞ്ചുംകൂടിയുണ്ട്)" എന്ന് പറഞ്ഞ് അവരുടെ രക്ഷയ്ക്കെത്തിയ സ്നേഹശീലനും, നീതിമാനുമാണ്.  ധൃതരാഷ്ട്രര്‍ തന്റെ അനുജന്റെ മക്കള്‍ക്ക്  രാജ്യമെന്ന പേരില്‍ യമുനാനദിക്കരയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വനപ്രദേശം നല്‍കിയപ്പോള്‍, സസന്തോഷം, അത് സ്വീകരിച്ച് ശ്രീകൃഷ്ണന്റെ സഹായത്താല്‍ (എന്നും എപ്പോഴും പാണ്ഡവര്‍ക്കുണ്ടായിരുന്ന ഏക തുണ) അവിടെ ഖാണ്ഡവപ്രസ്ഥമെന്ന രാജ്യം സ്ഥാപിച്ചവരാണ് യുധിഷ്ഠിരനും, അനുജന്‍മാരും.

   രാജസൂയ വേളയില്‍ മനോഹരമായ ഇന്ദ്രപ്രസ്ഥവും, മയനിര്‍മ്മിതമായ രാജകൊട്ടാരവും അതിഗംഭീരമായ ചടങ്ങുകളും, ആഘോഷങ്ങളും പാണ്ഡവരോടുള്ള  ദുര്യോധനന്റെ പക വീണ്ടും ഇരട്ടിപ്പിച്ചു.  ഈ പരിപാടികളില്‍ പങ്കെടുത്ത വിവിധ രാജാക്കന്‍മാരുടെ സാന്നിധ്യവും, ശ്രീകൃഷ്ണന് അര്‍ഘ്യം നല്‍കിയതും അയാളില്‍ ആശങ്കയുളവാക്കി. ഇതിനിടയിലാണ് ശിശുപാലവധവും നടന്നത്.  ഈ സംഭവ വികാസങ്ങളെല്ലാം ദുര്യോധനനെ, പ്രയത്നശാലികളായ പാണ്ഡവര്‍, ശ്രീകൃഷ്ണന്റെ സഹായത്താല്‍ ഉണ്ടാക്കിയെടുത്ത രാജകീയ സൗഭാഗ്യങ്ങള്‍ തട്ടിയെടുത്ത് കൈക്കലാക്കുവാനുള്ള ഉപജാപത്തിലേക്ക് നയിച്ചു. ഗാന്ധാര രാജാവും, ദുര്യോധനന്റെ മാതൃസഹോദരനുമായ ശകുനിയായിരുന്നു ആ ഗൂഢാലോചനകളുടെ പ്രഭവകേന്ദ്രവും, കേന്ദ്രബിന്ദുവും.

  ചൂതു്കളി യുധിഷ്ഠിരന്റെ ദൗര്‍ബല്യമായിരുന്നു, ശകുനി മികച്ചൊരു ചൂതുകളിക്കാരനുമായിരുന്നു. പുത്രവാത്സല്ല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രര്‍, തന്റെ മകന്റെ വാശിക്ക് വഴങ്ങി രാജസദസില്‍ മത്സരചൂതിന് അനുമതി നല്‍കി. പ്രഗത്ഭരാജാക്കന്‍മാരാലും, കുരുശ്രേഷ്ടന്‍മാരുലും സമ്പുഷ്ടമായ ഹസ്തിനപുരിയിലെ കൗരവസഭയില്‍, കള്ളച്ചൂതുകളിയിലും വിദഗ്ദനായ ശകുനി ദുര്യോധനന് വേണ്ടി പകിടയെടുത്തു.  ക്ഷണനേരം കൊണ്ട്തന്നെ, സ്വന്തം സാമ്രജ്യത്തെയും, സഹോദരരെയും, തന്നെത്തന്നെയും പന്തയം വച്ച് ചൂതുകളി മത്സരത്തിലേര്‍പ്പെട്ട യുധിഷ്ഠിരന്‍ പരാജയപ്പെട്ടു് കേവലം ഒരു ദാസനായി മാറി.  ചൂതിന്റെയും, പന്തയത്തിന്റെയും ലഹരികൊണ്ട് സ്വബോധം നഷ്ടപ്പെട്ട യുധിഷ്ഠിരന്‍, വീണ്ടും സ്വന്തം ഭാര്യയെ പന്തയം വച്ച്  അന്തിമമായി തോറ്റു.

    തുടര്‍ന്ന്  ഹസ്തിനപുരിയുടെ ഭാഗധേയത്തിന്റെ നിര്‍ണ്ണയമായിരുന്നു ആ സദസില്‍ നടന്നത്.  യുധിഷ്ഠിരന്റെ ചുത്കളി ഭ്രാന്തിന്റെ ആഴമറിയാവുന്നവരെ ആദ്യമേതന്നെ പന്തയചൂത് ആശങ്കയിലാഴ്ത്തിയിരുന്നു.  ധൃതരാഷ്ട്രരുടെ മഹാമന്ത്രിയായ വിദുരര്‍ ഈ ചൂത് കളിയെ എതിര്‍ക്കുകയും, വ്യക്തമായിത്തന്നെ അത് വേണ്ടെന്ന് പറയുകയും, അനുസരിക്കാത്ത പക്ഷം ദുര്യോധനനെ പിടിച്ചുകെട്ടണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.  കുരുശ്രഷ്ടന്‍മാര്‍ രാജകല്പന നടപ്പിലാക്കുവാന്‍ ബാധ്യസ്ഥരായിരുന്നു, അണപൊട്ടിയൊഴുകിയ അമര്‍ഷം ഉള്ളിലടക്കിയാണ് അവര്‍ ആ സഭയിലിരുന്നത്, കളികള്‍ കൈവിട്ടു പോവുകയായിരുന്നു.

    ദ്രൗപദിയെ സഭയിലേക്ക് കൊണ്ടുവരാന്‍ ദുര്യോധനന്‍ ആജ്ഞ നല്‍കി, ഏകവസ്ത്രയായ ദ്രൗപദിയെ ദുശ്ശാസനന്‍ തറയിലൂടെ വലിച്ച് സഭയിലെത്തിച്ചു.   തുടര്‍ന്ന് ദുര്യോധനശിങ്കിടികളുടെ അധിക്ഷേപ വര്‍ഷമായിരുന്നു, സഭയില്‍നിന്ന് ഒരാളെക്കൂടി വീണ്ടും ഭര്‍ത്താവായി സ്വീകരിക്കാമെന്നായിരുന്നു കര്‍ണ്ണന്റെ ഭര്‍സനം.  ദ്രൗപദിയെ അവിടെയുണ്ടായിരുന്ന പലരും,  പലതും വിളിച്ചുപറഞ്ഞധിക്ഷേപിച്ചു.  സ്വന്തം തുട കാണിച്ചുകൊണ്ട് ദുര്യോധനന്‍ ദ്രൗപദിയോട് അവിടെയിരിക്കുവാന്‍ ആവശ്യപ്പെട്ടു.  തുടര്‍ന്ന് നിറഞ്ഞ സഭയില്‍ (ഭര് സഭ) ദ്രൗപദിയെ വിവസ്ത്രയാക്കുന്നതിനായി ദുര്യോധനന്‍ ആജ്ഞ നല്‍‍കി.  ശ്രീകൃഷ്ണനെ ഭക്തിയോടെ നോക്കിക്കണ്ടിരുന്ന, അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ മിത്രമായിരുന്ന ദ്രൗപദി, വേവലാതിയില്‍ 'കൃഷ്ണാ' എന്നു വിളിച്ചു, രാജസൂയ വേളയില്‍ നടന്ന ശിശുപാലന്റെ ദാരുണമായ അന്ത്യം ഓര്‍മ്മവന്നിട്ടാകാം, തന്റെ ജ്യേഷ്ടന്‍ നല്‍കിയ ആജ്ഞ നടപ്പിലാക്കുവാന്‍ ദുശാസനന്‍ മുതിര്‍ന്നുവെങ്കിലും അശക്തനായിത്തീര്‍ന്നു.  പന്തയത്തില്‍ തോറ്റ് അടിമകളായി തീര്‍ന്നിരുന്ന ഭര്‍ത്താക്കന്‍മാരുടെ കൈകള്‍ ആ അത്യാചാരങ്ങള്‍ക്ക് മറുപടിനല്‍കുവാന്‍ അശക്തമായിരുന്നുവെങ്കിലും, അപമാനഭാരം താങ്ങാനാവാതെ, ദുശ്ശാസനന്റെ മാറ് പിളര്‍ന്ന് രക്തം കുടിക്കുമെന്നും, ദുര്യോധനന്റെ തുട ഗദകൊണ്ട് അടിച്ചുതകര്‍ക്കുമെന്നും ആ സഭയില്‍ വച്ച് ഭീമന്‍ ശപഥം ചെയ്തൂ.

     ദുര്യോധനാദികളുടെ കാറ്റ് വിത കഴിഞ്ഞപ്പോള്‍ ദ്രൗപദി ധൃതരാഷ്ട്രരോട് ഒരു ചോദ്യം ചോദിച്ചു.  "തന്നെത്തന്നെ സ്വയം പന്തയം വച്ച്  തോറ്റ് ദാസനായി തീര്‍ന്ന ഒരാള്‍ക്ക് മറ്റൊരാളെ പന്തയം വയ്ക്കാന്‍ സാധിക്കുമോ?" എന്നതായിരുന്നു ആ ചോദ്യം; ഉത്തരം മുട്ടിയ രാജാവ് തന്റെ മകന്റെ ചെയ്തികളെ കുറിച്ച് വിലപിച്ചുകൊണ്ട് രണ്ട് വരങ്ങള്‍ ചോദിക്കുവാന്‍ ആവശ്യപ്പെട്ടു.  ദ്രൗപദി അവസരത്തിനൊത്ത് ഉയര്‍ന്നു, തന്റെ ഭര്‍ത്താക്കന്മാരുടെ ദാസ്യത്തില്‍നിന്നുള്ള മോചനത്തിനും, ഖാണ്ഡവപ്രസ്ഥം തിരികെ നല്‍കുന്നതിനും ദ്രൗപദി ആവശ്യപ്പെട്ടു, ധൃതരാഷ്ട്രര്‍ ദ്രൗപദിയ്ക്ക്  വരങ്ങള്‍ നല്‍കി.

     ദുര്യോധനന്‍ വിട്ടില്ല അയാള്‍ വീണ്ടും യുധിഷ്ഠിരനെ പന്തയച്ചൂതിന് വിളിച്ചു, കളിയില്‍ തോല്‍ക്കുന്നവര്‍ പതിമൂന്ന് വര്‍ഷം വനവാസവും ഒരുവര്‍ഷം അജ്ഞാതവാസവും ചെയ്യുക എന്നതായിരുന്നു പന്തയം; അജ്ഞാതവാസ വേളയില്‍ കണ്ടുപിടിക്കപ്പെടുന്ന പക്ഷം അതേ വനഅജ്ഞാതവാസങ്ങള്‍ ആവര്‍ത്തിക്കുക എന്നൊരു വ്യവസ്ഥയും പന്തയത്തിനുണ്ടായിരുന്നു.  യുധിഷ്ഠിരന്‍ വീണ്ടും ശകുനിയോട് പരാജയപ്പെട്ടു, ഒന്നാംതരം ചൂതുകളിക്കാരനായ യുധിഷ്ഠിരനെ കടുത്തവ്യവസ്ഥകള്‍ വച്ച് പന്തയച്ചൂതിന് വിളിച്ച് നിഷ്പ്രയാസം പരാജയപ്പെടുത്തിയത് ശകുനിയുടെ കള്ളച്ചൂതുകളിയിലുള്ള വൈദഗ്ദ്യം കൊണ്ടാണെന്ന വസ്തുത സാമാന്യബുദ്ധികൊണ്ട് മനസിലാക്കാവുന്നതാണ്.    

     പാണ്ഡവര്‍ തങ്ങളുടെ പതിമൂന്ന് വര്‍ഷത്തെ വനവാസവും ഒരുവര്‍ഷത്തെ അജ്ഞാതവാസവും വിജയകരമായി പൂര്‍ത്തിയക്കി.   പ്രസ്തുത വിവരമറിയിക്കുവാന്‍ മധ്യസ്ഥനായി ഹസ്തിനപുരിയിലെത്തിയ പാഞ്ചാല രാജ്യത്തെ രാജപുരോഹിതനോട്, വനഅജ്ഞാതവാസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിവന്നാല്‍ പാണ്ഡവര്‍ക്ക് അവരുടെ രാജ്യം തിരികെ നല്‍കാമെന്ന വ്യവസ്ഥ പന്തയച്ചൂതിലുണ്ടായിരുന്നില്ലെന്നായരുന്നു ദുര്യോധനന്റെ മറുപടി.  എന്നാല്‍ ധൃതരാഷ്ട്രര്‍ ദ്രൗപദിയ്ക്ക് നല്‍കിയ തന്റെ വരങ്ങളിലൂടെ പാണ്ഡവരെ ദാസ്യത്തില്‍നിന്ന് മുക്തരാക്കുകയും, ഖാണ്ഡവപ്രസ്ഥം അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു.

     അനന്തരം ഹസ്തിനപുരിയുടെ പ്രതിനിധിയായി വിരാട രജധാനിയില്‍ ദൂതിന് വന്ന സഞ്ജയന്‍, പാണ്ഡവര്‍ക്ക് അവരുടെ രാജ്യം തിരികെ നല്‍കുന്നതിനെ കുറിച്ച് ഒന്നും മിണ്ടാതെ, 'ബന്ധുമിത്രദികളെയും, സഹോദരങ്ങളെയും, ഗുരുക്കന്മാരെയും വധിച്ച് നേടുന്ന രാജ്യം കൊണ്ടെന്ത് പ്രയോജനം' എന്ന മട്ടിലുള്ള കുതന്ത്ര ധര്‍മ്മതത്ത്വങ്ങളാല്‍ യുധിഷ്ഠിരനെ അനുനയിപ്പിക്കുവാന്‍ ശ്രിമിച്ചു.  പൈതൃകമായി ലഭിച്ചതും അധ്വാനംകൊണ്ട് കെട്ടിപ്പടുത്തതുമായ ഞങ്ങളുടെ രാജ്യം തിരികെ ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്കത് തിരിച്ചുപിടിക്കേണ്ടിവരുമെന്നായിരുന്നു കൗരവര്‍ക്കുള്ള യുധിഷ്ഠിരന്റെ സന്ദേശം.

     പാണ്ഡവരുടെ ദൂതുമായി ഹസ്തിനപുരിയിലേക്ക് പോകുന്നതിന് ശ്രീകൃഷണന്‍ നിയുക്തനായി.  നിരപരാധികളായ മനുഷ്യരെ ദൈന്യതയിലേക്ക് തള്ളിവിടുന്ന യുദ്ധം ഒഴിവാക്കുന്നതിനുള്ള ശാന്തിദൂതുമായാണ് ശ്രീകൃഷ്ണന്‍  കൗരവ സഭയിലെത്തിയത്.  ഹസ്തിനപുരി അദ്ദേഹത്തിന് സമുചിതമായ വരവേല്‍പ്പ് നല്‍കി. താന്‍ ഹസ്തിനപുരിയുടെ അതിഥിയാണെങ്കിലും പാണ്ഡവ പക്ഷത്താണെന്നും, ധര്‍മ്മം അവിടെയാണുള്ളതെന്നും, എന്നാല്‍ ശാന്തി കാംക്ഷിക്കുന്നതിനാല്‍ ശാന്തിദുതനായണ് ഇവിടെയെത്തിയതെന്നും, യുദ്ധമൊഴിവാക്കുവാനുള്ള ഈ ശാന്തിദൂത് സ്വീകരിക്കാത്തിടത്തോളം, ഹസ്തിനപുരി തന്റെ മിത്രമല്ലെന്നും, അദ്ദേഹം വ്യക്തമായി പറഞ്ഞു.  ഈ സാഹചര്യത്തില്‍ ഹസ്തിനപുരി നല്‍കുന്ന താമസവും, ഭോജനവും തനിക്ക് സ്വീകരിക്കാവുന്നതല്ലെന്നും, ഇവയൊക്കെ വിദുര ഗൃഹത്തിലായിരിക്കുമെന്നുകൂടി അദ്ദേഹം വ്യക്തമാക്കി.

     ദൂതിന് പോകുംമുമ്പ് ശ്രീകൃഷണന്‍ ദ്രൗപദിയെ കണ്ടിരുന്നു, ശാന്തിദൂതിനാണ് തന്റെ മിത്രം ഹസ്തിനപുരിയിലേക്ക് പോകുന്നതെന്നറിഞ്ഞ ദ്രൗപദി, പരിഭവ വചനങ്ങളാല്‍ അദ്ദേഹത്തെ വിവശനാക്കി.  ഒരു സ്ത്രീയെന്ന നിലയിലും, ഖാണ്ഡവപ്രസ്ഥം പന്തയത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും, ഹസ്തിനപുരി രാജാവിന്റെ കനിഷ്ട സഹോദരപുത്രവധുവെന്നനിലയിലും, മഹാരഥനായ ദ്രുപദപുത്രിയെന്ന നിലയിലും, ക്ഷത്രിയ മഹാവീരനായ ധൃഷ്ടദ്യുമ്നന്റെ സഹോദരിയെന്ന നിലയിലും തനിക്കേറ്റ അപമാനം ശാന്തിയിലൂടെ എങ്ങനെ പരിഹരിക്കാനാകുമെന്ന് ദ്രൗപദി ശ്രീകൃഷ്ണനോട് ചോദിച്ചു.  തന്നോട് തുടയിലിരിക്കുവാന്‍  ആവശ്യപ്പെട്ട ദുര്യോധനന്റെ കാര്യവും, തന്നെ കുരുസഭയിലേക്ക് വലിച്ചിഴച്ച ദുശ്ശാസനന്റെ കാര്യവും, തനിക്ക് നേരെ പലവിധ അധിക്ഷേപ വര്‍ഷങ്ങള്‍ നടത്തിയ ആളുകളെക്കുറിച്ചും ദ്രൗപദി ശ്രീകൃഷ്ണനോട് ചോദിച്ചു.  ദുശ്ശാസന രുധിരം തേച്ചുകൊണ്ടേ അഴിച്ചിട്ട തന്റെ തലമുടി കെട്ടുകയുള്ളുവെന്ന് ശപഥം ചയ്തിരുന്ന കാര്യവും ശ്രീകൃഷ്ണനെ ഒര്‍മ്മിപ്പിച്ചുകൊണ്ട് ദ്രൗപദി  വിലപിച്ചു. ക്ഷത്രിയസ്ത്രീയായ ദ്രൗപദി നടത്തിയ വിലാപത്തിന്റെ കാമ്പുള്‍ക്കൊള്ളുവാന്‍ ശ്രീകൃഷ്ണന് കഴിഞ്ഞുവെങ്കിലും, പ്രതികാര നിര്‍വ്വഹണത്തിനും, പ്രതിജ്ഞാപലനത്തിനുമുള്ള വാക്കുകളൊന്നും നല്‍കാതെ, നല്ലവാക്കുകളാല്‍ തന്റെ മിത്രത്തെ സാന്ത്വനിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

    യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും, അത് അവശേഷിപ്പിക്കുന്ന വേദനകളുടെയും, വ്യഥകളുടെയും വ്യാപ്തിയെക്കുറിച്ചും, സ്നേഹവും, സമാധാനവും പ്രദാനം ചെയ്യുന്ന സന്തോഷങ്ങളെയും, ക്ഷേമൈശ്വര്യങ്ങളെയും കുറിച്ചും പ്രഗത്ഭമതികളും, ദുര്യോധനനും, അനുചരരും, കൂട്ടുകാരും സന്നിഹിതരായ സഭയില്‍ അദ്ദേഹം യുക്തിയുക്തം സംസാരിച്ചു.  യുദ്ധത്തിന്റെ വഴി അവസാനിക്കുന്നത് ചുടലപ്പറമ്പിലും, ശാന്തിയുടെ മാര്‍ഗ്ഗം സമൃദ്ധിയിലേക്കും, ഐശ്വര്യത്തിലേക്കും, സന്തോഷത്തിലേക്കും, സ്നേഹത്തിലേക്കും, സമാധാനത്തിലേക്കുമുള്ളതാണെന്നും ആ സദസിനെ ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹം ശ്രമിച്ചു.  പക്ഷേ അവയൊക്കെ വെളിയിലപ്പുറത്ത് വീണ വെള്ളം പോലെയായി.  ഒടുവില്‍ പാണ്ഡവര്‍ക്കായി അഞ്ച് ഗ്രാമങ്ങള്‍ (സുവര്‍ണ്ണ പ്രസ്ഥം, പത്മപ്രസ്ഥം, വ്യാഘ്രപ്രസ്ഥം, ഇന്ദ്രപ്രസ്ഥം, തിലപ്രസ്ഥം എന്നീ ഗ്രാമങ്ങള്‍) നല്‍കി യുദ്ധമൊഴിവാക്കുവാന്‍ അദ്ദേഹം  കൗരവരോട് കെഞ്ചി, അതും  ജലരേഖയായി.  കൂടെ, യുദ്ധക്കൊതിയനായ ദുര്യോധനന്‍, താനൊരു യുവരാജാവാണെന്നും, ഇതുവരെ യുദ്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നുമുള്ള ഒരു പ്രസ്ഥാവനയും നടത്തി.  ഭഗവദ് വചനങ്ങളെ പിന്തുണച്ച് സഭയിലുണ്ടായിരുന്ന നീതിനിപുണരായ കുരുശ്രേഷ്ടന്‍മാര്‍ പറഞ്ഞ വാക്കുകളും കേവലം ഭേകരവങ്ങളായി.

     അധര്‍മ്മിയായ ദുര്യോധനന്‍ ദുതുമായിവന്ന ശ്രികൃഷ്ണനെ ബന്ധനസ്ഥനാക്കുവാന്‍ അജ്ഞാപിച്ചു, പക്ഷേ ശ്രീകൃഷ്ണന്റെ പ്രഭാവത്തിന് മുന്നില്‍ ആ ആജ്ഞ നിഷ്പ്രഭമായിപ്പോയിപോയി.  കുരുക്ഷേത്ര രണഭൂമിയില്‍ പതിതചിത്തനായ അര്‍ജ്ജുനനെക്കൊണ്ട് ഗാണ്ഡീവമെടുപ്പിച്ച അതേ പ്രഭാവം ധൃതരാഷ്ട്രസഭയില്‍ കാണിച്ചത് ഒരു യുദ്ധം ഒഴിവാക്കുവാന്‍ കൂടിയായിരുന്നുവെന്ന് വ്യാഖ്യാനിക്കാവുന്നതാണ്.  പക്ഷേ ദുര്യോധനന്റെ ബുദ്ധി സഞ്ചരിച്ചത് അയാളുടെ വിധിയ്ക്ക് പിറകെയായിരുന്നു.

    ആ ശാന്തിദൂതിന്റെ പരാജയം, കുരുക്ഷേത്രഭൂമിയില്‍ നടന്നത്, യുദ്ധക്കൊതിയനായ ദുര്യോധനനും, അദ്ദേഹത്തിന് നിര്‍ലോഭ പ്രോത്സാഹനങ്ങള്‍ നല്‍കിയ അനുചരരും വിതച്ച വ്യാളീദന്തങ്ങളുടെ വിളവെടുപ്പായിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ്.  യുദ്ധം ഒരു പന്തയമല്ല പ്രത്യുത കൈപ്പേറിയ നിണ്ണയമാണ്, ഒരു പ്രശ്നത്തിന്റെ ഗതികെട്ട പരിഹാര മാര്‍ഗ്ഗമാണ്, അതിലേര്‍പ്പെടുന്ന പക്ഷങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍, എതിര്‍ പക്ഷത്തെ കൊലചെയ്ത് നേടിയെടുക്കുവാനുള്ള സായുധ പോരാട്ടമാണ്.  അത് ഉണ്ടാക്കുന്നത് വിപത്തുകള്‍ മാത്രമാണ്,  യുദ്ധം അതിന്റെ വിജയിക്കും സുഖദവും, സന്തോഷപ്രദവുമല്ല.  അതിന്റെ വിജയം നിശ്ചയിക്കുന്നത് ഏറ്റവും വിലകൂടിയ കബന്ധം വീഴ്ത്തുവാനുള്ള മിടുക്കാണ്; അതിന്റെ ശേഷിപ്പ് കബന്ധങ്ങളുടെ കൂനകളും, കുറ്റപ്പെടുത്തലുകളും, ദാരിദ്ര്യവും, അനാഥത്വവും, യാതനകളും, കണ്ണുനീരും, ദൈന്യതയും മാത്രമാണ്. 

     ഇടയനും, പുല്ലാങ്കുഴല്‍ വായനക്കാരനും, രാജാവുമായ ശ്രീകൃഷ്ണന്‍ യുദ്ധമെന്ന മഹവിപത്തിനെ തടയുവാന്‍ പഠിച്ച വിദ്യകള്‍ പതിനെട്ടും, തന്ത്രങ്ങള്‍ അറുപത്തിനാലും പയറ്റിനോക്കി, - പക്ഷേ ദുര്യോധനന്റെ കഠോര മനസിന് മുമ്പില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. 

       (തുടരുന്നു....)

PC -https://iskconvrindavan.com/2019/12/07/2320/lord-krishna-painting/